റേഷനരി വാങ്ങാതെ മറ്റ് ആനുകൂല്യം കൈപ്പറ്റുന്നവര്‍ കുടുങ്ങും; കഴിഞ്ഞ മാസം റേഷന്‍ വാങ്ങാത്ത ആറുലക്ഷത്തോളം കുടുംബങ്ങളുടെ കാര്‍ഡ് വീട്ടിലെത്തി പരിശോധിക്കും

Loading...

തിരുവനന്തപുരം : ആനുകൂല്യമുള്ള റേഷന്‍ കാര്‍ഡ് ഉണ്ടായിട്ടും റേഷന്‍ വാങ്ങാത്ത കുടുംബങ്ങളുടെ കാര്‍ഡ് പരിശോധിക്കും. വീടുകളില്‍ നേരിട്ട് എത്തിയായിരിക്കും പരിശോധന. സൗജന്യം ലഭിക്കുന്ന വിഭാഗങ്ങള്‍ സാമ്പത്തിക സ്ഥിതി ഉണ്ടായിട്ടും റേഷന്‍ വാങ്ങാത്തതാണോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.

മുന്‍ഗണനാ, അന്ത്യോദയാ, സബ്‌സിഡി വിഭാഗങ്ങള്‍ ഉള്‍പ്പെടെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ കഴിഞ്ഞ മാസം റേഷന്‍ വാങ്ങാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടി കണ്ടെത്താനാണ് പരിശോധന. സ്ഥലത്ത് ഇല്ലാത്തവരാണെങ്കില്‍ പരിശോധനയില്‍ അനര്‍ഹരാണെന്ന് കണ്ടെത്തിയാല്‍ ഒഴിവാക്കും.

Loading...

മുന്‍ഗണനാ വിഭാഗത്തില്‍ (പിങ്ക്) 29 ലക്ഷം കുടുംബങ്ങളാണ് ഉള്ളത്. ഇവരില്‍ 91,918 കുടുംബങ്ങള്‍ കഴിഞ്ഞ മാസം റേഷന്‍ ധാന്യം വാങ്ങിയില്ല. ആളൊന്നിന് നാലുകിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഇവര്‍ക്ക് ലഭിക്കുക. കൈകാര്യച്ചെലവായ രണ്ടു രൂപയാണ് കിലോയ്ക്ക് ഈടാക്കുക.

മുന്‍ഗണനാ വിഭാഗത്തില്‍ എറണാകുളത്ത് 14,974 കുടുംബങ്ങള്‍ റേഷന്‍ വാങ്ങിയിട്ടില്ല. അന്ത്യോദയാ വിഥാഗത്തില്‍ 12,892 കുടുംബങ്ങളും റേഷന്‍ വാങ്ങിയിട്ടില്ല. ഇടുക്കി ജില്ലയിലാണ് കൂടുതല്‍. ഇവിടെ 1759 കുടുംബങ്ങളാണ് റേഷന്‍ വാങ്ങാത്തത്. പൂര്‍ണ്ണമായും സൗജന്യമായി കാര്‍ഡ് ഒന്നിന് 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പുമാണ് ഇവര്‍ക്ക് ലഭിക്കുക.

സബ്‌സിഡി വിഭാഗത്തില്‍ 1.8 ലക്ഷം പേരാണ് റേഷന്‍ വാങ്ങാത്തത്. മൂന്ന് രൂപ നിരക്കില്‍ ഇവര്‍ക്ക് ആളൊന്നിന് രണ്ടുകിലോ അരിയും അരലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും. ഇതു കൂടാതെ പ്രളയത്തെ തുടര്‍ന്നുള്ള അഞ്ചുകിലോ അരിയും നല്‍കിയിരുന്നു. ഇത് വാങ്ങാത്തവരെയും പരിശോധനയില്‍ ഉള്‍പ്പെടുത്തും.