സൗജന്യ റേഷന്‍ വാങ്ങുന്ന 10 കോടിയോളം ആളുകളെ പട്ടികയില്‍ നിന്ന് പുറത്താക്കാനൊരുങ്ങി കേന്ദ്രം

സൗജന്യ നിരക്കില്‍ റേഷന്‍ വാങ്ങുന്ന 10കോടിയോളം ആളുകളെ പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഭക്ഷ്യസബ്സിഡിയില്‍ അരലക്ഷം കോടിയോളം വെട്ടിക്കുറയ്ക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടി. ഗ്രാമങ്ങളില്‍ 60 ശതമാനത്തിനും നഗരങ്ങളില്‍ 40 ശതമാനത്തിനും മാത്രമായി റേഷന്‍ ചുരുക്കണമെന്ന് വകുപ്പുകള്‍ക്ക് അയച്ച മാര്‍ഗരേഖയില്‍ നിതി ആയോഗ് നിര്‍ദേശിച്ചു. ഭക്ഷ്യ സുരക്ഷ അട്ടിമറിക്കുന്ന നീക്കത്തിനെതിരെ പ്രതിഷേധം ശക്തം.ഇന്ധന, പാചക വാതക വില വര്‍ദ്ധനവില്‍ ജനം നട്ടം തിരിയുന്നതിനിടയിലാണ് സൗജന്യനിരക്കില്‍ റേഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളില്‍ പത്തുകോടിപ്പേരെ ഒഴിവാക്കാന്‍ നിതി ആയോഗ് നിര്‍ദേശിച്ചത്.

ഗ്രാമങ്ങളില്‍ 60 ശതമാനത്തിനും നഗരങ്ങളില്‍ 40 ശതമാനത്തിനും മാത്രമായി റേഷന്‍ ചുരുക്കണമെന്ന് വകുപ്പുകള്‍ക്ക് അയച്ച മാര്‍ഗരേഖയില്‍ നിതി ആയോഗ് നിര്‍ദേശിച്ചു. ഇതോടെ ജനസംഖ്യയുടെ പകുതി റേഷന്‍ സംവിധാനത്തിന് പുറത്താകും. നിലവില്‍ ഗ്രാമത്തില്‍ 75 ശതമാനത്തിനും നഗരത്തില്‍ 50 ശതമാനത്തിനുമാണ് സബ്‌സിഡി റേഷന് കിട്ടുന്നത്. ജനസംഖ്യയില്‍ 67 ശതമാനം പേര്‍ക്ക്, അതായത് 81.35 കോടിയോളം പേര്‍ക്ക് റേഷന്‍ ലഭിക്കുന്നു. നിതി ആയോഗ് നിര്‍ദേശം നടപ്പായാല്‍ റേഷന്‍ ഗുണഭോക്താക്കള്‍ ജനസംഖ്യയുടെ 50 ശതമാനം മാത്രമാകും. ഇതിലൂടെ കേന്ദ്രത്തിന് സബ്സിഡി ചെലവില്‍ ലാഭം 47,229 കോടി രൂപ. നിലവിലെ പട്ടികയില്‍ തന്നെ അര്‍ഹരായ കോടിക്കണക്കിനാളുകള്‍ പുറത്താണ്. ഇതിന് പുറമേയാണ് 10കോടി ആളുകളെ കൂടി പുറത്താകുന്നത്. അതേ സമയം ലോക പട്ടിണി സൂചികയിലെ 107 രാജ്യങ്ങളില്‍ ഇന്ത്യ 94-ാം സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ഭക്ഷ്യസുരക്ഷാ തകര്‍ക്കുന്ന കേന്ദ്രനടപടിയെന്നതും ശ്രദ്ധേയം.

Loading...