‘അടിച്ചു ഫിറ്റായി’ ബീഹാറിലെ എലികള്‍; കുടിച്ചു തീര്‍ത്തത് ഒന്നും രണ്ടുമല്ല 11,584 കുപ്പി ബിയര്‍

എലികള്‍ക്കങ്ങനെ ഒന്നുമില്ല. എന്തും കുടിക്കും. എന്തും തിന്നും. ഇപ്പോഴിതാ ബീഹാറില്‍ നിന്നു വരുന്ന ഒരു വാര്‍ത്ത എലികളുടെ ബിയറടിയെ കുറിച്ചുള്ളതാണ്.

ബിഹാറിലെ കയ്മൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ റെയ്ഡ് നടത്തി പിടിച്ചെടുത്ത 11,584 കുപ്പി ബിയര്‍ എലികള്‍ അടിച്ചുതീര്‍ത്തുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

Loading...

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്ത മദ്യം നശിപ്പിക്കാനുള്ള നടപടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് കുപ്പിമാത്രമാണ് കണ്ടെത്താനായത്. നശിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് മരുന്നിന് പോലും ഒരു കുപ്പി കിട്ടിയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്ട്രോംഗ് റൂമില്‍ പരിശോധിച്ചപ്പോള്‍ എല്ലാ ബിയര്‍ കുപ്പികളുടെ മുകളിലും തുളവീണതായി കാണാന്‍ കഴിഞ്ഞെന്നു സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കുമാരി അനുപമ പറയുന്നു. ബിയര്‍ സൂക്ഷിച്ച കാര്‍ബോര്‍ഡ് പെട്ടികള്‍ പൊട്ടിച്ചപ്പോള്‍ കുപ്പികളുടെ മുകളില്‍ വലിയ തുളകളാണ് കാണപ്പെട്ടത്. എലികള്‍ കുപ്പികളില്‍ തുളയിട്ടതോടെ ബിയര്‍ ചോര്‍ന്നുപോയതാവുമെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.