മാസ്‌ക് ധരിക്കാതെ എത്തി, പോലീസുകാരിയുമായി കൊമ്പുകോര്‍ത്ത് ജഡേജയും ഭാര്യയും

രാജ്‌കോട്ട്: മാസ്‌ക് ധരിക്കാതെ കാറില്‍ സഞ്ചരിച്ചത് ചോദ്യം ചെയ്തതിന് എതിരെ വനിതാ പോലീസ് ഉദ്യോഗസ്ഥരോട് കയര്‍ത്ത് ക്രക്കറ്റ് താരം രവീന്ദ്ര ജഡേജ. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ രാജ്‌കോട്ടിന് സമീപം കിസാന്‍പര ചൗക്കില്‍ ആണ് സംഭവം. ഭാര്യയ്ക്ക് ഒപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ജഡേജ പോലീസുകാരിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. മാസ്‌ക് വെക്കാതെ യാത്ര ചെയ്തതിന് സോണല്‍ ഗോസായ് എന്ന വനിത കോണ്‍സ്റ്റബിളാണ് ജഡേജയുടെ കാര്‍ തടഞ്ഞത്. ഭാര്യ റീവ സോളങ്കിയും മറ്റു ചിലരും ജഡേജയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നു.

ജഡേജയുടെ കാര്‍ തടയുകയും പിഴ അടയ്ക്കണമെന്നും ലൈസസന്‍സ് കാണണമെന്നും കോണ്‍സ്റ്റബിള്‍ നിര്‍ബന്ധം പിടിച്ചു. ഇതോടെ സംഭവം വിവാദമായി. ഇരുവരും വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും കാഴ്ചകാര്‍ ചുറ്റിനും കൂടുകയും ചെയ്തു. ബഹളത്തിനിടെ ഒടുവില്‍ പിഴയടച്ച ശേഷമാണ് ജഡേജ സ്ഥലത്ത് നിന്നും പോയത്. അതേസമയം ജഡേജയുടെ ഭാര്യയാണു കോണ്‍സ്റ്റബിളിനോടു തട്ടിക്കയറിയതെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

Loading...

കോണ്‍സ്റ്റബിള്‍ മോശമായി പെരുമാറിയെന്ന് ജഡേജയും ഭാര്യയും പോലീസിനെ അറിയിച്ചു. ഇതിനിടെ രക്തസമ്മര്‍ദ്ദം കൂടി അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ സോണല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു. പരസ്പരം മോശം പെരുമാറ്റ ആരോപണങ്ങളുയര്‍ത്തി ഇരുവരും രംഗത്തെത്തിയിട്ടുണ്ടെന്നു രാജ്‌കോട്ട് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ പറഞ്ഞു. അതേസമയം ഔദ്യോഗികമായി പരാതിയൊന്നും നല്‍കിയിട്ടില്ല. ജഡേജ മാസ്‌ക്ക് ധരിച്ചിരുന്നെന്നാണു പ്രാഥമികവിവരമെന്നും ഭാര്യ ധരിച്ചിരുന്നോയെന്ന് അന്വേഷിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.