കുട്ടി വീട്ടില്‍ നിന്ന് മുട്ടിലിഴഞ്ഞെത്തിയത് തിരക്കുള്ള ദേശീയപാതയില്‍ ; രക്ഷകരായത് മീന്‍വണ്ടിക്കാര്‍

കൊല്ലം‌: ദേശീയപാതയിലേക്ക് വീട്ടില്‍നിന്നു മുട്ടിലിഴഞ്ഞും പിച്ചവച്ചും എത്തിയ ഒന്നരവയസ്സുകാരനെ തലനാരിഴയ്ക്ക് രക്ഷപെടുത്തി. കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്ക് മീനുമായി പോയ വണ്ടിക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്. മീന്‍വണ്ടി റോഡിനു കുറുകെ നിര്‍ത്തി ​ഗതാ​ഗതം ത
ടസ്സപ്പെടുത്തിയാണ് കുരുന്നു ജീവന്‍ രക്ഷിച്ചത്.

ഇന്നലെ രാവിലെ പാരിപ്പള്ളിക്കു സമീപമാണ് സംഭവമുണ്ടായത്. കുഞ്ഞിനെ രക്ഷിച്ച വാനിലുണ്ടായിരുന്നവര്‍ ആരെന്ന് അറിയില്ലെങ്കിലും തക്കസമയത്ത് രക്ഷകരായെത്തിയ അവര്‍ക്ക് നന്ദിപറയുകയാണ് കുട്ടിയുടെ മാതാപിതാക്കളും അയല്‍ക്കാരും.

Loading...

റോഡില്‍ നിന്ന് 20 മീറ്റര്‍ അകലെയാണ് കുട്ടിയുടെ വീട്. രാവിലെ അച്ഛന്‍ മുറ്റത്തേക്കിറങ്ങിയപ്പോള്‍ ഒപ്പമിറങ്ങിയതായിരുന്നു അവന്‍. കുഞ്ഞ് റോഡിലേക്കെത്തിയത് വീട്ടിലുണ്ടായിരുന്ന ആരും അറിഞ്ഞില്ല. കുഞ്ഞ് പിച്ചവെച്ച്‌ ദേശീയപാതയുടെ മധ്യഭാഗത്തേക്ക് എത്തിയപ്പോഴാണ് മീന്‍വണ്ടി വന്നത്. കുഞ്ഞിനെ കണ്ടതും വണ്ടി റോഡിന് കുറുകെ നിര്‍ത്തിയിടുകയായിരുന്നു ഡ്രൈവര്‍. വാനില്‍ ഡ്രൈവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആള്‍ ഓടിയിറങ്ങി കുഞ്ഞിനെ എടുത്തു. ഇരുവശത്തുനിന്നും വന്ന അന്‍പതിലേറെ വാഹനങ്ങള്‍ ആ സമയം റോഡില്‍ നിരനിരയായി കിടന്നു.

റോഡില്‍ നിന്ന് ഹോണടികളുടെ ശബ്ദം കേട്ടപ്പോള്‍ അപകടം നടന്നതാകാം എന്നാണ് വീട്ടുകാര്‍ കരുതിയത്. കുഞ്ഞ് പുറത്തുകടന്നത് അപ്പോഴും അവര്‍ അറിഞ്ഞിരുന്നില്ല. ബഹളം കേട്ടു വാഹനാപകടം ആണെന്നു കരുതിയാണ് എല്ലാവരും ഓടിക്കൂടിയത്. പൊന്നോമനയെ ഒരു പോറല്‍പോലും ഏല്‍ക്കാതെ തിരികെക്കിട്ടിയതിലുള്ള ആശ്വാസത്തിലാണ് മാതാപിതാക്കള്‍. ഇവര്‍ക്ക് 4 വയസ്സുള്ള ഒരു മകന്‍ കൂടെയുണ്ട്.