വുഹാനില്‍ കൊവിഡ് മുക്തമാവരുടെ ശ്വാസകോശത്തിന് തകരാര്‍, ആശങ്കയില്‍ ജനങ്ങള്‍

വുഹാന്‍: കൊവിഡിന്റെ ഉത്ഭവസ്ഥാനമാണ് വുഹാന്‍. ചൈനയിലെ ഈ നഗരവും രാജ്യവും ഒരുവിധത്തില്‍ രോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് വരികയാണ്. എന്നാല്‍ ആ രോഗം ഭേദമായവര്‍ക്ക് വീണ്ടും ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ ഗൗരവതരമായ റിപ്പോര്‍ട്ട്. വുഹാനില്‍ കോവിഡ് ഭേദമായവരില്‍ ഭൂരിപക്ഷം പേര്‍ക്കും ഇപ്പോള്‍ ശ്വാസകോശത്തിന് തകരാറുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഷോങ്ഗാന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയിരിക്കുന്നത്.

ഏപ്രിലില്‍ രോഗം ഭേദമായ നൂറുപേരില്‍ നടത്തിയ പഠനത്തില്‍ 90 പേര്‍ക്കും ഇപ്പോള്‍ ആരോഗ്യപ്രശ്‌നമുണ്ട്. മാത്രമല്ല ഇവരില്‍ അഞ്ച് ശതമാനം പേര്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതായും പഠനത്തില്‍ തെളിഞ്ഞിരിക്കുകയാണ്. അതേസമയം കൊറോണ വൈറസ് വ്യാപനം ലോകത്ത് നാശം വിതയ്ക്കുന്നതിനിടെ ചൈനയില്‍ മറ്റൊരു പകര്‍ച്ചാ വ്യാധി കൂടി റിപ്പോര്‍ട്ട് ചെയ്തു. ചെള്ള് കടിയിലൂടെ പകരുന്ന ഒരു തരം വൈറസ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എസ്എഫ്‌സിടിഎസ് എന്ന പേരില്‍ അറിയപ്പെടുന്ന വൈറസ് ബാധ രാജ്യത്ത് 60 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചതായും ഏഴ് പേര്‍ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചതായും ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Loading...