സംസ്ഥാനത്ത് മൂന്ന് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍ പെരിങ്ങല്‍കുത്ത്, ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളിലാണ് റെഡ് അലേര്‍ട്ട്. ഡാമുകളില്‍ നിന്ന് നേരിയ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്ററും പാംബ്ല ഡാമിന്റെ ഒരു ഷട്ടര്‍ 20 സെന്റിമീറ്ററും ഉയര്‍ത്തിയത്.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ലഭിച്ചതും ഇന്ന് വ്യാപക മഴയ്ക്ക് മുന്നറിയിപ്പുള്ളതിനാലുമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതല്‍ തൃശൂര്‍ വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്.
മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള നിയന്ത്രണം തുടരും. ആന്ധ്രാപ്രദേശിലെ റായല്‍സീമയ്ക്ക് സമീപത്ത് നിലനില്‍ക്കുന്ന ചക്രവാതചുഴിയാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.