സൂരജ് പാമ്പിനെ കൊണ്ടുവന്നത് ഉത്രയുടെ വീട്ടുകാർ നൽകിയ ബൊലേനോ കാറിൽ

കൊല്ലം: ഉത്ര കൊലപാതക കേസിൽ ഉത്രയെ കൊല്ലാനായി പാമ്പിനെ സൂരജ്‌ വീട്ടിൽക്കൊണ്ടുവന്നത്‌ ഉത്രയുടെ കുടുംബം നല്‍കിയ ബൊലേനോ കാറിൽ. ഉത്രയുടെ മരണശേഷം ഏറത്തെ വീട്ടിലെ ഷെഡിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന ഈ കാര്‍ കഴിഞ്ഞ ദിവസം വിരലടയാള വിദഗ്‌ധർ പരിശോധിച്ചിരുന്നു. വിവാഹ സമ്മാനമായി ഉത്രയുടെ വീട്ടുകാര്‍ നല്‍കിയ കാറാണ് ഇതിനായി ഉപയോഗിച്ചത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

വാഹനം അന്വേഷണ സംഘം കസ്റ്റഡിയിലുത്തു. സൂരജിന്റെ ഡ്രൈവിങ്‌ ലൈസൻസ്, കാറിന്റെ ആർസി ബുക്ക്, ഇൻഷുറൻസ് പേപ്പർ എന്നിവയും കണ്ടെടുത്തു. വിവാഹ നിശ്ചയം കഴിഞ്ഞയുടൻ അൾട്ടോ കാർ വാങ്ങി നൽകാമെന്ന്‌ ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ബൊലേനോ തന്നെ വേണമെന്ന്‌ സൂരജ്‌ വാശിപിടിക്കുകയായിരുന്നു. അങ്ങനെയാണ് ഉത്രയുടെ പേരില്‍ ബലേനോ കാർ വാങ്ങിക്കൊടുക്കുന്നത്. ഉത്രയക്ക് ഡ്രൈവിംഗ്‌ അറിയാത്തതിനാൽ സൂരജ്‌ തന്നെയാണ്‌ വാഹനം ഉപയോഗിച്ചിരുന്നത്‌.

Loading...

കഴിഞ്ഞ ആറിനു രാത്രിയാണ്‌ ഈ ചുവന്ന ബൊലേനോയിൽ പാമ്പിനെ പ്ലാസ്റ്റിക്‌ ജാറിലാക്കി സൂരജ് ഉത്രയുടെ വീട്ടില്‍ കൊണ്ടുവന്നത്‌. ഏഴാം തീയ്യതി രാവിലെ ഇതേ കാറില്‍ തന്നെയാണ്‌ ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോയതും. അതേസമയം സൂരജിന്‍റെയും പാമ്പുപിടിത്തക്കാരനായ സുരേഷിന്‍റെയും കസ്റ്റഡി കാലാവധി നീട്ടി. പുനലൂർ കോടതിയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടിയത്. സമാനതകളില്ലാത്ത കേസായതിനാൽ പ്രതികളെ കൂടുതൽ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.