അമേരിക്കന്‍ മുഖ്യധാരാ മാധ്യമരംഗത്ത്‌ വിജയക്കൊടി പാറിച്ച്‌ ഒരു മലയാളി യുവതി

ന്യൂയോര്‍ക്ക്‌: മാധ്യമരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന നിരവധി മലയാളികള്‍ അമേരിക്കയിലുണ്ടെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രമേ അമേരിക്കയിലെ മുഖ്യധാരാ മാധ്യമരംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച്‌ ഉയര്‍ച്ചയുടെ പടവുകള്‍ കയറിയിട്ടുള്ളൂ. അവരിലൊരാളാണ്‌ റീനാ നൈനാന്‍ എന്ന മലയാളി യുവതി.
എ.ബി.സി. ന്യൂസിലെ ‘അമേരിക്ക ദിസ്‌ മോണിംഗ്‌, വേള്‍ഡ്‌ ന്യൂസ്‌ നൌ’ എന്നീ പ്രോഗ്രാമുകളുടെ  അവതാരകന്‍ ടി.ജെ. ഹോംസിന്റെ സഹ അവതാരകയായി റീനാ നൈനാനെ നിയമിച്ചതായി എ.ബി.സി. ന്യൂസ്‌ പ്രസിഡന്റ്‌ ജെയിംസ്‌ ഗോള്‍ഡ്‌സ്റ്റെയ്‌ന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. എ.ബി.സി. ന്യൂസ്‌ ജനപ്രിയമാക്കാന്‍ റീന നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്താണ്‌ ഈ നിയമനം.reena Ninan2
2007–ല്‍ ഫോക്‌സ്‌ ന്യുസിന്റെ മിഡില്‍ ഈസ്റ്റ്‌ കറസ്‌പോണ്ടന്റായാണ്‌ റീന മാധ്യമലോകത്തെത്തുന്നത്‌. പിന്നീട്‌ 2012–ല്‍ എ.ബി.സി. ന്യൂസിലേക്ക്‌ ചേക്കേറി. വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ എ.ബി.സി. ന്യൂസിന്റെ കറസ്‌പോണ്ടന്റ്‌ ആയിരുന്ന റീന, പ്രസിഡന്റ്‌ ഒബാമയുടെ ഏഷ്യന്‍ യാത്രയിലും സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌ ഹില്ലരി ക്ലിന്റന്റെ മിഡില്‍ ഈസ്റ്റ്‌ യാത്രയിലും എ.ബി.സി.യുടെ റിപ്പോര്‍ട്ടര്‍ ആയി അനുഗമിച്ചിരുന്നു. കൂടാതെ ചുഴലിക്കാറ്റ്‌ ഓക്ക്‌ലഹോമയില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങളെക്കുറിച്ചും, നെല്‍സണ്‍ മണ്ടേലയുടെ അവസാന ദിവസങ്ങളിലെ വിവരണങ്ങളും എ.ബി.സി.യ്ക്കുവേണ്ടി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഏറ്റവും ഒടുവിലായി കെനിയയില്‍ ഗരിസ്സ യൂണിവേഴ്സിറ്റിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ റിപ്പോര്‍ട്ട്‌ എ.ബി.സി.യിലൂടെ ലോകത്തെ അറിയിച്ചതും റീനയായിരുന്നു.
ഒരു അവതാരകയുടെ ജോലി മാത്രമല്ല, എ.ബി.സി. ന്യൂസിന്റെ സംപ്രേക്ഷണ വിഭാഗത്തിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും റീനയുടെ കൈയ്യൊപ്പുണ്ടാകും. അമേരിക്കയില്‍ നിന്നു മാത്രമല്ല, ലോകമെമ്പാടുനിന്നും വൈവിധ്യങ്ങളായ നിരവധി വാര്‍ത്തകള്‍ എ.ബി.സി.യ്ക്കുവേണ്ടി റീന റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ കഴിവുകളാണ്‌ റീനയെ ഈ പദവിയിലേക്കുയര്‍ത്തിയത്‌.
മലയാളം നന്നായി സംസാരിക്കുന്ന റീന അറബിയും ഹീബ്രൂവും പഠിച്ചിട്ടുണ്ട്‌. ഭര്‍ത്താവ്‌ കെവിനും നാലു വയസ്സുകാരന്‍ മകന്‍ ജാക്ക്‌, രണ്ടര വയസ്സുകാരി മകള്‍ കെയ്‌റ്റ്‌ എന്നിവരോടൊപ്പം കണക്‌റ്റിക്കട്ടിലെ ഗ്രീന്‍വിച്ചിലാണ്‌ താമസം. ചൈനയെക്കുറിച്ച്‌ ഒരു പുസ്‌തക രചനയിലാണ്‌ എഴുത്തുകാരന്‍ കൂടിയായ ഭര്‍ത്താവ്‌ കെവിന്‍.
ഫ്‌ളോറിഡയില്‍ ‘മെട്രോണിക്‌സ്‌’ എന്ന ബിസിനസ്‌ സ്ഥാപനത്തിന്റെ പ്രസിഡന്റ്‌ മാവേലിക്കര പുതിയകാവ്‌ കുറ്റിശ്ശേരില്‍മലയില്‍ മാത്യു നൈനാന്റേയും മോളിയുടേയും മകളാണ്‌ റീന നൈനാന്‍.