പത്തു പേരെ ഒരേ സമയം വിളിക്കാന്‍ സഹായിക്കുന്ന ആപ്പുമായി റിലയന്‍സ് ജിയോ

ഒരേ സമയം 10 പേരെ വരെ വിളിക്കാന്‍ സാധിക്കുന്ന കോണ്‍ഫറന്‍സ് കോളിന് പുത്തന്‍ ആപ്പുമായി റിലയന്‍സ് ജിയോ. ജിയോ ഗ്രൂപ്പ് ടോക്ക് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഗ്രൂപ്പ് കോളിങ് ആപ്പ് ആന്‍ഡ്രോയിഡ് പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്. ജിയോ കണക്ഷനുള്ളവര്‍ക്ക് എല്‍ടിഇ (വോള്‍ട്) ഉപയോഗിച്ച്, ഒരേ സമയം പത്ത് ആളുകളോട് സംസാരിക്കാന്‍ ജിയോ ഗ്രൂപ്പ് ടോക്കിലൂടെ സാധിക്കും.

ഒരേസമയം പത്ത് ആളുകളെ ഉള്‍പ്പെടുത്തിയുള്ള ഹൈ ഡെഫനിഷന്‍ കോണ്‍ഫറന്‍സ് കോളിങും ആപ്ലിക്കേഷനിലൂടെ സാധ്യമാണ്. വരിക്കാര്‍ കോണ്‍ഫറന്‍സ് കോള്‍ നടത്തുമ്പോള്‍, കോള്‍ നിയന്ത്രിക്കാനുള്ള അവസരവും അവര്‍ക്ക് ലഭിക്കും, അവിടെ അവര്‍ക്ക് വേറെ കോളറെ ചേര്‍ക്കാന്‍ കഴിയും, കൂടാതെ വ്യക്തിഗതമായി നിശബ്ദമാക്കനും, ഗ്രൂപ്പ് മ്യൂട്ട് ചെയ്യാനുള്ള സൗകര്യവും ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ലക്ചര്‍ മോഡ് എന്നാണ് ഈ സംവിധാനത്തിന്റെ പേര്.

Loading...

കോണ്‍ഫറന്‍സില്‍ ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റുള്ളവരുടെ ഇടപെടലുകള്‍ ഒഴിവാക്കുന്നതിനാണിത്. ഒരു നിശ്ചിത സമയത്ത് ഒന്‍പത് പേരെ വിളിക്കാന്‍ മുന്‍കൂറയി ഷെഡ്യൂള്‍ ചെയ്തുവയ്ക്കാനള്ള സൗകര്യവും ആപ്പില്‍ ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ആപ്ലിക്കേഷന്റെ ട്രയല്‍ ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് അവരുടെ ജിയോ നമ്പറില്‍ സൈന്‍ ഇന്‍ ചെയ്ത് ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയും.

നിലവില്‍, അപ്ലിക്കേഷന്‍ ഓഡിയോ കോളുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. കമ്പനി ഉടന്‍ വീഡിയോ കോള്‍ അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റ് ഫീച്ചര്‍ ആപ്ലിക്കേഷനിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജിയോയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 28.01 കോടിയിലെത്തി.