മന്ത്രി ജലീൽ പറഞ്ഞത് പച്ചക്കള്ളം?: കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ലെന്ന് റിപ്പോർട്ട്: കോൺസുലേറ്റ് വഴി വന്ന പാഴ്സലിനുള്ളിൽ എന്ത്?: കുരുക്കു മുറുകുന്നു

കൊച്ചി: മന്ത്രി കെടി ജലീൽ കേരളത്തോട് വിളിച്ചു പറഞ്ഞത് പച്ചക്കള്ളമോ?. മന്ത്രിയെ വെട്ടിലാക്കിയ വെളിപ്പെടുത്തലാണ് ഒരു യുഎഇ ഉന്നത ഉദ്യോ​ഗസ്ഥന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. യുഎഇ കോൺസുലേറ്റ് വഴി അയച്ച പാഴ്സലിൽ ഖുറാൻ ഇല്ലെന്നാണ് ഈ ഉദ്യോ​ഗസ്ഥന്റെ വെളിപ്പെടുത്തൽ.

മറ്റൊരു രാജ്യത്തെ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണംചെയ്യുകയെന്നത് യു.എ.ഇ. സർക്കാരിന്റെ നയമല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. സൗദി അറേബ്യ ആ രാജ്യത്തിന്റെ മതപരമായ പ്രത്യേകതകൊണ്ട് മാത്രം ഖുറാൻ അയക്കാറുണ്ട്. എന്നാൽ യുഎഇയ്ക്ക് ഖുറാൻ അയയ്ക്കുന്ന പ്രത്യേക നയമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതായത് കേരളത്തിലെ കോൺസുലേറ്റിലേക്ക് അത്രയധികം മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കോൺസുലേറ്റ് വഴി മത​ഗ്രന്ഥങ്ങളുടെ ഇറക്കുമതി നടന്നില്ലെങ്കിൽ ആ പാഴ്സലിനുള്ളിൽ എന്തായിരുന്നുവെന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. എങ്കിൽ ഉത്തരം പറയേണ്ട ബാധ്യത മന്ത്രി ജലീലിനാണ്.

Loading...

അതേസമയം കോൺസുലേറ്റ് വഴി ഖുറാൻ വന്നിട്ടില്ല എന്ന വാർത്ത പുറത്തുവന്നപ്പോൾ വാർത്ത വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. യുഎഇ ഉദ്യോ​ഗസ്ഥന്റെ വെളിപ്പെടുത്തൽ പുറത്തു വന്ന സ്ഥിതിക്ക് മന്ത്രി പറയുന്ന മറുപടി എന്താണെന്നാണ് കേരളം ഉറ്റു നോക്കുന്നത്. യു.എ.ഇ. കോൺസുലേറ്റ് അയച്ച വിശുദ്ധ ഖുർആൻ അടങ്ങുന്ന പാക്കറ്റുകൾ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ടെന്നായിരുന്നു മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്. കോൺസുലേറ്റ് വഴി മതഗ്രന്ഥം അയക്കുകയെന്നത് യു.എ.ഇ. നയമല്ലെന്നു വ്യക്തമാവുന്നതോടെ പാഴ്സലിന്റെ കാര്യത്തിൽ ദുരൂഹത ഏറുകയാണ്. എങ്കിൽ പാഴ്സൽ വഴി മന്ത്രി കൈപ്പറ്റിയ വസ്തുവെന്താണെന്നാണ് ഇനി ഉയരുന്ന ചോദ്യം.

മതഗ്രന്ഥമടങ്ങിയ പാഴ്സലുകൾ കോൺസുലേറ്റിൽനിന്നാണ് സർക്കാർസ്ഥാപനമായ സി-ആപ്റ്റിൽ എത്തിച്ചതെന്നും അവിടെനിന്നു സർക്കാർ വാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടുപോയി എന്നുമാണ് മന്ത്രി ജലീൽ പറഞ്ഞത്. ഒരു വിദേശസർക്കാരിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടരുത് എന്നു നിയമമുള്ളപ്പോൾ മന്ത്രി ചെയ്തതുതന്നെ തെറ്റാണെന്ന് ഒരു മുൻ നയതന്ത്രജ്ഞനും വ്യക്തമാക്കുന്നു. അതേസമയം   എന്താണെന്നറിയാതെയാണ് പാഴ്സലുകൾ അയച്ചതെന്നു പറഞ്ഞാലും ഗൗരവ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.