കുട്ടികളുടെ അധ്യയന സമയം നഷ്ടപ്പെടുത്തി…രമ്യ ഹരിദാസിന്റെ സ്‌കൂള്‍ സന്ദര്‍ശനത്തിൽ അധ്യാപക സംഘടനകള്‍ തമ്മില്‍ വാക്‌പോര്

ചിറ്റൂര്‍: നന്ദിയറിയിക്കല്‍ പര്യടനത്തിനിടെ ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് ചിറ്റൂരിലെ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തിയതിനെ ചൊല്ലി അധ്യാപക സംഘടനകള്‍ തമ്മില്‍ വാക്‌പോര്. നിയമം ലംഘിച്ച് കുട്ടികളുടെ അധ്യയന സമയം നഷ്ടപ്പെടുത്തിയാണ് എം.പിക്ക് സ്വീകരണമൊരുക്കിയതെന്നാണ് കെ.എസ്.ടി.എ ആരോപണം ഉന്നയിച്ചത്.

ചൊവ്വാഴ്ചയാണ് രമ്യക്ക് സ്വീകരണമൊരുക്കിയത്. കെ.എസ്.ടി.എ ചിറ്റൂര്‍ ഏരിയാ കമ്മറ്റിയാണ് ആരോപണവുമായി രംഗത്തെത്തിയത്.

Loading...

കുട്ടികളെ ഒരു മണിക്കൂറോളം വെയിലില്‍ നിര്‍ത്തിയാണ് സ്‌കൂള്‍ അധികൃതര്‍ പരിപാടി നടത്തിയത് എന്നാണ് ആരോപണം.

രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുത് എന്ന ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും കെ.എസ്.ടി.എ ആവശ്യപ്പെട്ടു.

സംഭവത്തില്‍ പ്രതിഷേധമറിയിക്കാന്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ബുധനാഴ്ച സ്‌കൂളിലെത്തിയിരുന്നു.

സി.പി.ഐ.എം പ്രവര്‍ത്തകര്‍ സ്‌കൂളിലെ അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു. ഈ തരത്തിലുള്ള ഭീഷണിപ്പെടുത്തല്‍ പ്രതിഷേധാര്‍ഹമാണെന്നാണ് കെ.പി.എസ്.ടി.എ ചിറ്റൂര്‍ ഉപജില്ലാ കമ്മറ്റിയുടെ ആരോപണം.

എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ പ്രതികരണം. പ്രവേശനോത്സവ ദിനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന എം.പി രമ്യ ഹരിദാസ് ചൊവ്വാഴ്ച ചിറ്റൂരിലെത്തിയപ്പോള്‍ സ്‌കൂള്‍ സന്ദര്‍ശിക്കുകയായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

രമ്യയ്ക്ക് വേണ്ടി പ്രത്യേക സ്വീകരണ പരിപാടികളൊന്നും ഒരുക്കിയിരുന്നില്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. രാജീവന്‍ പറഞ്ഞു.