രമ്യ ഹരിദാസ് യൂത്ത് കോണ്‍ഗ്രസ് തലപ്പത്തേക്ക്, ഇത് ചരിത്രം

തിരുവനന്തപുരം: രമ്യ ഹരിദാസ് യൂത്ത് കോണ്‍ഗ്രസ് തലപ്പത്തേക്ക് എന്ന് സൂചന. ആലത്തൂര്‍ എംപിയായ രമ്യ ഹരിദാസിനെ പ്രസിഡന്റ് ആക്കാനാണ് കേന്ദ്ര നേതാക്കളുടെ നീക്കമെന്നാണ് വിവരം. രമ്യ പ്രസിഡന്റ് ആവുകയാണെങ്കില്‍ അത് ചരിത്രമായിരിക്കും. യൂത്ത് കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റ് ആവുന്ന വനിതയാകും രമ്യ ഹരിദാസ്.

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായി രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ടില്‍ വിജയിച്ച ഒരാളായിരുന്നു രമ്യ ഹരിദാസ്. യൂത്ത് കോണ്‍ഗ്രസിന്റെ കോ ഓര്‍ഡിനേറ്റര്‍ രമ്യയാണ്. രാഹുല്‍ ഗാന്ധിക്കും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താത്പര്യം രമ്യ ഹരിദിസിനെ തന്നെയാണ്. ഇക്കാര്യം രാഹുല്‍ കേന്ദ്ര നേതാക്കളുമായി ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. പക്ഷേ രമ്യയെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് താത്പര്യം ഇല്ലെന്നാണ് വിവരം.

Loading...

അതേസമയം ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാതെ സമവായത്തിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാണ് കെ പി സി സി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് തിരിച്ചടിയായേക്കുമോ എന്ന് കെ പി സി സി ഭയക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടി അദ്ധ്യക്ഷന്റെ നിലപാടിനോട് യോജിപ്പ് അറിയിച്ചിട്ടുണ്ട്. സിപിഎമ്മിലെ പി. ബിജുവിനെതിരെ അട്ടിമറി വിജയം നേടിയാണ് രമ്യ പാര്‍ലമെന്റിലെത്തിയത്.

അതേസമയം ശബരി നാഥിനായി ഐ ഗ്രൂപ്പും ഷാഫി പറമ്പിലിന്റെ പേരുന്നയിച്ച് എ ഗ്രൂപ്പും ശക്തമായി രംഗത്തുണ്ടായിരുന്നു. ഇവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ കാമ്പയിനും നടത്തിയിരുന്നു. ഇത് പാര്‍ട്ടിക്ക് തന്നെ വലിയ അപകടം വിളിച്ചുവരുത്തുമെന്ന് മനസിലാക്കി കെ പി സി സി നേതൃത്വമാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസിലെ ചിലര്‍ക്ക് ഈ തീരുമാനത്തോട് എതിര്‍പ്പ് വ്യക്തമാക്കി. അര്‍ഹരായ പലരെയും ഒഴിവാക്കുകയാണെന്നായിരുന്നു ഒരുവിഭാഗം ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. നേരത്തെ സംസ്ഥാന പ്രസിഡന്റായിരുന്നവരെ വീണ്ടും നിയമിക്കേണ്ടതില്ലെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളിയെ പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം ശക്തമായ ക്യാമ്ബയിന്‍ നടത്തുന്നുണ്ട്. ഗ്രൂപ്പുകള്‍ക്കതീതമായി ചില പ്രവര്‍ത്തകരുണ്ടെന്നും അവരെ കൂടി പരിഗണിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ യോഗ്യരായവരുടെ പത്തംഗ പട്ടിക പുറത്തിറക്കിയത്. ഹൈബി ഈഡന്‍, രമ്യ ഹരിദാസ് എന്നീ എം.പിമാരും എംഎല്‍എമാരായ ഷാഫി പറമ്ബിലും കെ.എസ്.ശബരിനാഥനും പട്ടികയില്‍ ഉള്‍പ്പെടുന്നു. കെഎസ്യു നേതാക്കളടക്കം അര്‍ഹരെ ഒഴിവാക്കിയതിനെതിരെ എഐസിസിക്ക് പരാതി പരാതി നല്‍കി. സംഘടന തിരഞ്ഞെടുപ്പ് നടത്തും എന്ന ഉറച്ച നിലപാടില്‍ തന്നെയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമുള്ളത്. ഒരുഘട്ടത്തില്‍ തിരഞ്ഞെടുപ്പു നടപടികള്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നു. അതിനുശേഷം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും സംഘടന തിരഞ്ഞെടുപ്പ് നടത്തിയാല്‍ പഞ്ചായത്തു തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് നിലപാടെടുത്തു.