‘കുട്ടിക്കൂറ’യുമായി സംവിധാന രം​ഗത്തേക്ക് രഞ്ജു ര​ഞ്ജിമാർ

സെലിബ്രിറ്റി മേക്ക് അപ്പ് ആർടിസ്റ്റ് രഞ്ജു രഞ്ജിമാർ സംവിധാനത്തിലേക്ക്. തന്റെ പതിനെട്ടാം വയസിലുണ്ടായ ഒരു അനുഭവമാണ് സിനിമയാക്കുന്നത്. ‘കുട്ടിക്കൂറ’ എന്ന പേരിട്ട സിനിമ ഒരാഴ്ചക്കുള്ളിൽ കൊച്ചിയിൽ ഷൂട്ടിംഗ് ആരംഭിക്കും.

മാതൃത്വം വിഷയമാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും രഞ്ജു രഞ്ജിമാർ തന്നെയാണ്. തന്റെ പതിനെട്ടാം വയസിൽ ഒരു സ്ഥലത്ത് വീട്ടു ജോലിക്ക് നിന്നിരുന്നു. അവിടെയുള്ള ഇളയ കുഞ്ഞുമായി തനിക്ക് വലിയ ആത്മബന്ധമുണ്ടായിരുന്നു. വർഷങ്ങൾ കഴിഞ്ഞു, ഇപ്പോൾ അവർ എവിടെയാണെന്ന് അറിയില്ല എന്നാണ് രഞ്ജു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

ഏറെ അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. അന്നത്തെ ഓർമ്മകൾ ചേർത്താണ് സിനിമ ഒരുക്കുന്നതെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു. ചിത്രത്തിൽ പ്രധാന വേഷത്തിൽ രഞ്ജു വേഷമിടും. മറ്റൊരു ട്രാൻസ്‌ജെൻഡർ കഥാപാത്രമായി ഹരിണി ചന്ദനയും വേഷമിടും. പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കും.

Loading...

നടി മുക്തയേയും ചിത്രത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും രഞ്ജു പറയുന്നു. ഈ മാസം 22ന് രഞ്ജുവിന്റെ വീട്ടിൽ വച്ച് സംവിധായകൻ ലാൽ ജോസ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ചിത്രീകരിച്ച് നവംബർ 27ന് തന്റെ ജൻമദിനത്തിൽ പുറത്തിറക്കാനാണ് ശ്രമമെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.