കോട്ടയം. കൈക്കൂലിക്കേസില്‍ എംജി സര്‍വകലാശാല പിരിച്ചുവിട്ട പരീക്ഷാഭവന് അസിസ്റ്റന്റ് സിജെ എല്‍സി കൂടുതല്‍ വിദ്യാര്‍ഥികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. 4 എംബിഎ വിദ്യാര്‍ഥികളില്‍ നിന്നായി ഇവര്‍ ഒന്നരലക്ഷം രൂപ വാങ്ങിയെന്നാണു വിജിലന്‍സിന്റെ കണ്ടെത്തല്‍.
വിജിലന്‍സിന്റെ പിടിയിലായതിനാല്‍ ഇവര്‍ക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൈമാറിയില്ല. ആകെ 5 വിദ്യാര്‍ഥികളില്‍നിന്ന് ഇവര്‍ കൈക്കൂലി വാങ്ങി. ഒന്നേകാല്‍ ലക്ഷം രൂപ വാങ്ങിയെന്ന തിരുവല്ല സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റും തുടര്‍നടപടികളും ഉണ്ടായത്. ഇതേ സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന എംബിഎ വിഭാഗം സെക്ഷന്‍ ഓഫിസര്‍ ഐ സാജനെ തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്.
ജോലിയില്‍ നിന്നു പുറത്താക്കപ്പെട്ട എല്‍സി, പ്യൂണ്‍ തസ്തികയില്‍ നിന്ന് അസിസ്റ്റന്റായ ആളാണ്. ഇടതുപക്ഷ സംഘടനയായ എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന് അംഗമായിരുന്നു. കൈക്കൂലി കേസില്‍ പിടിയിലായതോടെ സംഘടനയില്‍ നിന്നു പുറത്താക്കി.