റേഷൻ കടയിൽ നിന്ന് ബിപിഎല്ലുകാർക്ക് നൽകുന്ന ഗോതമ്പിൽ ചത്ത എലികൾ

പേരൂർക്കട: റേഷൻകടയിൽ നിന്ന് ബിപിഎല്ലുകാർക്കു നൽകുന്ന നൽകുന്ന സൗജന്യ ഗോതന്പിൽ ചത്ത എലികളെ കണ്ടെത്തി. തിരുവനന്തപുരത്തെ മുക്കോലയ്ക്കലിനു സമീപം മഠത്തുനടയിലെ ഒരു റേഷൻകടയിൽ നിന്ന് വാങ്ങിയ സൗജന്യ ഗോതന്പിലാണ് ചത്ത എലികളെ കണ്ടെത്തിയത്.ഇളയംപള്ളിക്കോണം സ്വദേശി സജയ്കുമാറിനാണ് ദുരനുഭവം ഉണ്ടായത്. ഗോതന്പ് വാങ്ങി വീട്ടിൽ കൊണ്ടുചെന്ന് നോക്കുന്നതിനിടെ ഒരു എലിയുടെ ശരീരാവശിഷ്ടം കിട്ടി. തുടർന്നുള്ള പരിശോധനയിൽ രണ്ട് ചത്ത എലികളേയും കൂടി കിട്ടിയതായി സജ്കുമാർ പറഞ്ഞു. എലികളുടെ ജീർണിച്ച ശരീരമായിരുന്നു ഗോതന്പിലുണ്ടായിരുന്നത്. വിവരം ഉടൻ തന്നെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.ഇന്നു പരാതിയുമായി എത്താൻ അധികൃതർ പറഞ്ഞതായി സജയ്കുമാർ പറഞ്ഞു. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് രണ്ട് കിലോ ഗോതന്പാണ് സൗജന്യമായി കിട്ടുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം സജയകുമാറിന്‍റെ മകളാണ് ഗോതന്പ് വാങ്ങിക്കൊണ്ടുവന്നത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് കടയിൽനിന്ന് ഗോതന്പു വിതരണം ചെയ്യുന്നതെന്ന് പരാതിയുണ്ട്.