നിയന്ത്രണം കടുപ്പിച്ച് കർണാടക; കേരള അതിർത്തിയിൽ പരിശോധന കർശനം, കൊവിഡില്ലാ സർട്ടിക്കറ്റ് നിർബന്ധം

ബെംഗളൂരു: മലയാളി വിദ്യാർത്ഥികൾക്ക് കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കുകയാണ് കർണാടക. അതിർത്തിയിൽ പരിശോധന കർശനമാക്കുന്നതിനോടൊപ്പം ഇനി മുതൽ കൊവിഡ് സർട്ടിഫിക്കറ്റും നിർബന്ധമാക്കുകയാണ്. കേരള അതിർത്തികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നെത്തുന്നവർക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച്ച ക്വാറന്റിൻ വേണം. പതിനാറാം ദിവസം കൊവിഡ് പരിശോധന നടത്തിയ ശേഷമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കു. അതേസമയം ബംഗ്ലൂരു ഹൊസൂർ വെറ്റിനറി കോളേജിലെ ഏഴ് മലയാളി വിദ്യാർത്ഥികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരുവിലെ നഴ്സിങ്ങ് കോളേജുകളിലടക്കം കൂടുതൽ മലയാളി വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. അതേസമയം ബെംഗളൂരുവിലെത്തിയ രണ്ട് ആഫ്രിക്കൻ സ്വദേശികൾക്ക് ഒമ്രികോൺ വകഭേദദമില്ലെന്ന് സ്ഥിരീകരിച്ചു. ഈ മാസം 20 ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ വിശദമായ പരിശോധനയിൽ പുതിയ വകഭേദമല്ലെന്ന് വ്യക്തമായി. മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളിൽ കർശന പരിശോധന നടത്താനാണ് സർക്കാർ തീരുമാനം. ഐടി പാർക്കുകളിലടക്കം ജോലിക്കെത്തുന്നവർക്ക് രണ്ട് ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾക്ക് എല്ലാം വിലക്ക് ഏർപ്പെടുത്തി.

Loading...

അതേസമയം കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രതാ നിർദേശം ലഭിച്ചതിന് പിന്നാലെ വിവിധ സംസ്‌ഥാനങ്ങളും വിദേശ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി തുടങ്ങിയ ഇടങ്ങളിൽ എല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിന് പുറമെ മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തുന്നവർക്ക് ക്വാറൻറീനും ഏർപ്പെടുത്തി. ഉത്തരാഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാങ്ങളിലെല്ലാം സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രിമാർ പ്രത്യേകം യോഗം വിളിച്ചു ചേർത്തിരുന്നു.