വിരമിക്കല്‍ പ്രായം അറുപതാക്കണം; സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60-താക്കണമെന്ന ആവശ്യം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഹോമിയോ മെഡിക്കല്‍ ഓഫീസേര്‍സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

2017-ല്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60-തായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. അതേസമയം ആയുഷ് വകുപ്പിലെ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയിരുന്നില്ല. വിരമിക്കല്‍ പ്രായം 60 തായി ഉയര്‍ത്തുവാന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണല്‍ ഉത്തരവിട്ടിരുന്നു.

Loading...

ഹൈക്കോടതിയില്‍ വിഷയം എത്തിയപ്പോള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണല്‍ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. വിരമിക്കല്‍ പ്രായം തീരുമാനിക്കേണ്ടത് സര്‍ക്കാരിന്റെ നയപരമായ വിഷയമാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

എന്നാല്‍ അലോപ്പതി ഡോക്ടര്‍മാരെയും ആയുഷ് വിഭാഗത്തിലെ ഡോക്ടര്‍മാരെയും വ്യതയസ്തമായി കാണാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ റാം നരേഷ് ശര്‍മ്മ കേസില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ വിധി ചൂണ്ടിക്കാട്ടിയാണ് ഹോമിയോ മെഡിക്കല്‍ ഓഫീസേര്‍സ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്.