രവി പൂജാരി ഒളിവില്‍ കഴിഞ്ഞത് നാലിലധികം ആഫ്രിക്കന്‍ രാജ്യങ്ങളില്‍

ഡല്‍ഹി : കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ എഴുപതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രവി പൂജാരി ഒളിവില്‍ കഴിഞ്ഞത് നാലോളം ആഫ്രിക്കന്‍ രാജ്യങ്ങളിലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യമായ സെനഗലിന്റെ തലസ്ഥാനമായ ഡക്കറില്‍ നിന്നും ഇയാള്‍ പിടിയിലാകുമ്പോള്‍ പൂജാരി അറിയപ്പെട്ടിരുന്നത് ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലാണ്. ഡക്കറിലെ ഒരു ബാര്‍ബര്‍ഷോപ്പില്‍ നിന്നുമാണ് സെനഗല്‍ പൊലീസിന്റെ സായുധ സേന നടത്തിയ ഓപ്പറേഷനില്‍ ആന്റണിയെന്ന രവി പൂജാരി അറസ്റ്റിലാകുന്നത്. ഗിനിയ, ഐവറി കോസ്റ്റ്, സെനഗല്‍, ബുര്‍ക്കിന ഫാസോ എന്നിവിടങ്ങളിലാണ് ഇതിനു മുന്‍പ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.

ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ആഫ്രിക്കയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയപ്പോള്‍ പൂജാരി സെനഗലിലേക്ക് കടക്കുകയായിരുന്നു. സെനഗലിലും ബുര്‍ക്കിന ഫാസോയിലുമായി കഴിയുകയായിരുന്ന പൂജാരിയെക്കുറിച്ച് സെനഗല്‍ എംബസിക്ക് വിവരം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. അറസ്റ്റിലായ രവി പൂജാരയെ വിട്ടുകിട്ടാനുളള ശ്രമം വിദേശകാര്യ മന്ത്രാലയം തുടരുകയാണ്. പൂജാരിയെ വിട്ടുനല്‍കാന്‍ തയ്യാറെന്നു സെനഗല്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്്.

Loading...

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സ്ഥിരീകരിച്ചിരുന്നു. ജനുവരി 19നാണ് പൂജാരി അറസ്റ്റിലായത്. പൂജാരി ഒളിവില്‍ കഴിഞ്ഞത് എവിടെയെന്നു കണ്ടെത്തിയത് നാല് മാസം മുമ്പാണ്. സെനഗല്‍ എംബസിക്ക് വിവരങ്ങള്‍ കൈമാറുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൂജാരി അറസ്റ്റിലായതെന്ന സൂചന കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ പുറത്തുവന്നിരുന്നു.

കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ എഴുപതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രവി പൂജാരി. തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്ന കേസുകളാണ് ഇയാള്‍ക്കെതിരെ കൂടുതലായും റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അടുത്തിടെ കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിലും രവി പൂജാരിക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നടി ലീന മരിയ പോളിന് ലഭിച്ച ഭീഷണി സന്ദേശം രവി പൂജാരിയുടേതാണെന്നും വ്യക്തമായിരുന്നു. മനുഷ്യക്കടത്ത് അടക്കം നിരവധി കേസുകളില്‍ മുംബൈ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യക്തിയാണ് പൂജാരി.