​ഗർഭിണിയായ പൂച്ചയെ രക്ഷിച്ച പ്രവാസികൾക്ക് 10 ലക്ഷം രൂപ വീതം സമ്മാനം നൽകി ദുബൈ ഭരണാധികാരി

ദുബൈ: കഴിഞ്ഞ ദിവസം സോഷ്യ‍മീഡിയയിൽ വൈറലായ വീഡിയോ ആയിരുന്നു കെട്ടിടത്തിന്റെ മുകൾനിലയിൽ കുടുങ്ങി പൂച്ചയെ രക്ഷിച്ച പ്രവാസികളുടെ വീഡിയോ. ദുബൈയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലായിരുന്നു ഗർഭിണിയായ പൂച്ച കുടുങ്ങിയത്. സമയോചിതമായി രക്ഷപ്പെടുത്തിയ മലയാളികളടക്കം നാല് പ്രവാസികൾക്കാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമ്മാനം നൽകിയത്. കോഴിക്കോട് വടകര സ്വദേശി അബ്ദുൽ റാഷിദ്, ആർടിഎ ഡ്രൈവറായ കോതമംഗലം സ്വദേശി നാസിർ മുഹമ്മദ്, മൊറോക്കൻ സ്വദേശി അഷ്‌റഫ്, പാകിസ്ഥാനി ആതിഫ് മഹ്മൂദ് എന്നിവർക്കാണ് 50,000 ദിർഹം(10 ലക്ഷം രൂപ)വീതം സമ്മാനമായി നൽകിയത്.

ഇന്നലെ രാത്രി ഭരണാധികാരിയുടെ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥൻ നേരിട്ടെത്തിയാണ് ഇവർക്ക് പാരിതോഷികം കൈമാറിയത്. ഈ മാസം 24ന് രാവിലെ ദേര അൽ മറാർ പ്രദേശത്തായിരുന്നു സംഭവം. കെട്ടിടത്തിന്റെ മുകൾ നിലയിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ ഇവർ രക്ഷപ്പെടുത്തുകയായിരുന്നു. കെട്ടിടത്തിന് താഴെ ഇവർ തുണി വിടർത്തിപ്പിടിച്ച് നിന്നു. കൃത്യമായി തുണിയിലേക്ക് ചാടിയ പൂച്ച പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. അബ്ദുൽ റാഷിദ് ആണ് സംഭവം ക്യാമറയിൽ പകർത്തിയത്.കെട്ടിടത്തിന് മുമ്പിൽ കട നടത്തുന്ന അബ്ദുൽ റാഷിദ് പകർത്തിയ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ദുബൈ ഭരണാധികാരി തന്നെ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെക്കുകയും പൂച്ചയെ രക്ഷിച്ച പ്രവാസികളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. മനോഹരമായ നമ്മുടെ നഗരത്തിലെ ഇത്തരം ദയാപരമായ പ്രവൃത്തിയിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ‘അറിയപ്പെടാത്ത ഈ ഹീറോകളെ തിരിച്ചറിയുന്നവർ നന്ദി പറയാൻ സഹായിക്കൂ’ എന്ന് അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.

Loading...