ദുല്‍ഖര്‍ സല്‍മാനെ പോലെയുള്ളവരെ പോലെ കൈ കഴുകാന്‍ തങ്ങള്‍ക്കാകില്ലെന്ന് നടി റിമ കല്ലിങ്കല്‍

മലയാള സിനിമ താരങ്ങള്‍ക്കും താര സംഘടനയായ അമ്മയ്ക്കുമെതിരെ ആഞ്ഞടിച്ച് നടി റിമ കല്ലിങ്കല്‍. വിവാദ വിഷയങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നില്‍ക്കാന്‍ ഇല്ലെന്നു പറഞ്ഞു കൈ കഴുകാന്‍ തങ്ങള്‍ക്കാകില്ലെന്നും എല്ലാക്കാലവും ആക്രമിക്കപ്പെട്ട നടിക്കെതിരെ ഉറച്ചുനില്‍ക്കുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിമ പറഞ്ഞു.

‘അവള്‍ക്കൊപ്പം നില്‍ക്കണമെന്ന കൃത്യമായ ബോധത്തിലാണ് ഡബ്ലിയു സി സി എന്ന സംഘടന തുടങ്ങിയത്. ആരെയും ദ്രോഹിക്കാന്‍ അല്ല. പക്ഷെ ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേട്ടക്കാരായ മറ്റു പലരെയും എതിരെ നില്‍ക്കേണ്ടി വരും. ദുല്‍ഖര്‍ പറയുംപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. കാരണത്തെ ഇത് ഞങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്, ദുല്‍ഖറിനിങ്ങനെ പറഞ്ഞ് കൈ കഴുകാന്‍ പറ്റുമായിരിക്കും. പക്ഷെ ഞങ്ങള്‍ക്കത് പറ്റില്ല. അതിനു കൂടെ നില്‍ക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം.’ റിമ പറഞ്ഞു.

ചലച്ചിത്ര താരം ലക്ഷ്മി പ്രിയ ഡബ്ലിയു സി സി എന്ന സംഘടന രൂപീകര്‍ച്ചതിനെ കുറിച്ച് താന്‍ അടക്കമുള്ളവര്‍ക്ക് യാതൊരു അറിവും ഇല്ലെന്നു ഒരു പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേ ആണ് റിമ യുവ താരം ദുല്‍ഖര്‍ സല്‍മാന്റെ നിലപാടിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വന്നത്.

മാസങ്ങള്‍ക്കു മുന്‍പ് ആണ് സി എന്‍ എന്‍ ന്യൂസ് 18 എന്റര്‍ടയിന്‍മെന്റ് എഡിറ്റര്‍ രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവവും, ദിലീപിന്റ അറസ്റ്റും സംബന്ധിച്ച വിഷയത്തില്‍ ദുല്‍ഖര്‍ ആദ്യമായി പ്രതികരിച്ചത്. താന്‍ അമ്മ എക്‌സിക്യുട്ടിവ് അംഗമല്ലെന്നും അതിനാല്‍ ദിലീപ് വിഷയത്തില്‍ മറുപടി പറയേണ്ടതില്ലെന്നും ആയിരുന്നു താരത്തിന്റെ പ്രതികരണം.