എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്തില്ലെന്ന് ഋഷിരാജ് സിംഗിന്റെ പരാതി… ഇരുന്നു കൊണ്ടു ബഹുമാനിച്ചുവെന്ന് എസ്പി

തിരുവനന്തപുരം: ഡി.ജി.പി. പദവിയിലുള്ള എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിനെ എഴുന്നേറ്റുനിന്ന് സല്യൂട്ട് ചെയ്തില്ലെന്ന പരാതിക്കു മറുപടിയുമായി ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍. എഴുന്നേറ്റുനിന്ന് സല്യൂട്ട് ചെയ്യാന്‍ ആ സാഹചര്യത്തില്‍ കഴിയുമായിരുന്നില്ലെന്നും അതിനാല്‍ ഇരുന്നുകൊണ്ടുതന്നെ ബഹുമാനിച്ചെന്നുമാണ് (സിറ്റ് അറ്റന്‍ഷന്‍) എസ്.പിയുടെ മറുപടി. മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും അങ്ങനെയാണു ചെയ്തതെന്നു മറുപടി കത്തില്‍ ന്യായീകരിക്കുന്നു.

സെക്രട്ടേറിയറ്റില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനെത്തിയ തന്നെ എസ്.പി. സല്യൂട്ട് ചെയ്തില്ലെന്നാണു ഋഷിരാജ് ആഭ്യന്തരവകുപ്പിനു നല്‍കിയ പരാതി. എന്നാല്‍, സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന യോഗത്തില്‍ വന്‍തിരക്കായിരുന്നതിനാല്‍ എഴുന്നേറ്റുനിന്ന് സല്യൂട്ട് ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നു സര്‍ക്കാരിനു നല്‍കിയ വിശദീകരണത്തില്‍ എസ്.പി. വ്യക്തമാക്കി. താനുള്‍പ്പെടെ മൂന്ന് എസ്.പിമാരും രണ്ട് ഐ.ജിമാരും രണ്ട് എ.ഡി.ജി.പിമാരും സ്ഥലത്തുണ്ടായിരുന്നു.

Loading...

തിരക്കിനിടെ ആര്‍ക്കും പരസ്പരം അഭിവാദ്യം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഡി.ജി.പി: ഋഷിരാജ് സിങ് രണ്ടുതവണ തന്നെ നോക്കിയപ്പോഴും ”സിറ്റ് അറ്റന്‍ഷ”നായി. കൃത്യസമയത്തു യോഗം തുടങ്ങിയതിനാല്‍ അടുത്തുപോയി സല്യൂട്ട് ചെയ്യാന്‍ കഴിഞ്ഞില്ല- എസ്.പി. വിശദീകരിച്ചു. ഋഷിരാജ് തെറ്റിദ്ധരിക്കപ്പെട്ടതാകാമെന്നും എന്നാല്‍, അദ്ദേഹത്തെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചു. ഋഷിരാജിനെ നേരില്‍ക്കണ്ട് ഖേദം പ്രകടിപ്പിക്കാനാണ് എസ്.പിയുടെ തീരുമാനം.