റിയാസ് മൗലവിക്ക് ജന്മനാടിന്റെ യാത്രാമൊഴി

കുടക്: കാസർകോട് പഴയ ചൂരിയില്‍ കൊല്ലപ്പെട്ട മദ്രസ അധ്യാപകനും മുഅദ്ദിനുമായ കൊട്ടമുടി ആസാദ്‌നഗറിലെ റിയാസ് മൗലവി (30) ക്ക് ജന്മനാടിന്റെ യാത്രാമൊഴി.  വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കുടക് ആസാദ് നഗര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം വൈകുന്നേരം 5 മണിയോടെ ഇരിട്ടി വഴി കുടകിലെത്തിച്ച മയ്യത്ത് കൊട്ടമുടി ആസാദ് നഗര്‍ ജുമാ മസ്ജിദ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ കുടകിൽ നിന്നും കാസർകോട് ജില്ലയില്‍ നിന്നുമായി ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.  സൗമ്യ സ്വഭാവക്കാരനായിരുന്നു റിയാസ് മൗലവി. നാട്ടുകാര്‍ക്കും ജോലി സ്ഥലത്തെ മഹല്ല് നിവാസികള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി കാസർകോട് പഴയ ചൂരിയില്‍ ജോലി ചെയ്തുവരികയായിരുന്നു. റിയാസ് മൗലവി കൊല്ലപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് ജന്മനാട് ശ്രവിച്ചത്. മരണവിവരമറിഞ്ഞ് ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ നൂറുകണക്കിനാളുകളാണ് കൊട്ടമുടി ആസാദ് നഗറിലും സംഭവം നടന്ന കാസർകോടും എത്തിയത്.

കുടകിലും പരിസരങ്ങളിലും വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ഉച്ചയോടു കൂടി പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് പരിയാരം സി എച്ച് സെന്ററില്‍ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ചൂരി വഴി മൃതദേഹം കൊണ്ട് പോകണമെന്നുള്ള കാസർകോട് നിന്നെത്തിയവരുടെ ആവശ്യം അൽപ നേരം വാക്ക് തര്‍ക്കമുണ്ടാക്കി. മുസ്ലിം ലീഗ് നേതാക്കളും ഈ ആവശ്യമുന്നയിച്ച് ഉന്നതങ്ങളിൽ ബന്ധപ്പെട്ടു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മൃതദേഹം കാസർകോട് വഴി കൊണ്ട് പോകുന്നതിന് അനുമതി നല്‍കാനാവില്ലെന്ന നിലപാടില്‍ പോലീസ് ഉറച്ച് നിന്നു. തുടര്‍ന്ന് ഡി ജി പിയുടെ നിര്‍ദ്ദേശാനുസരണം ഇരിട്ടി വഴി കുടകിലേക്ക് പുറപ്പെടുകയായിരുന്നു.