റിയാദിൽ വിസ തട്ടിപ്പിനിരയായി മലയാളി യുവതികൾ ദുരിതത്തിൽ; ശമ്പളമില്ലാതെ പട്ടിണിയിൽ കഴിയുന്നത് ഏഴു സ്ത്രീകൾ

Loading...

റിയാദ്: റിയാദിൽ വിസ തട്ടിപ്പിനിരയായി ഏഴു മലയാളി യുവതികൾ ദുരിതത്തിൽ. മൂന്നു മാസമായി ശമ്പളവും ആനുകൂല്യങ്ങളും കിട്ടാതെ ഇവർ പട്ടിണിയിലാണ്. ഒരു മുറിയിലാണ് ഏഴു പേരുടേയും താമസം. ഉയർന്ന ശമ്പളവും മറ്റും വാഗ്ദാനം ചെയ്താണ് ഇവരെ കേരളത്തിൽ നിന്നുള്ള ട്രാവൽസ് മുഖേനയും ഏജന്റുമാർ മുഖേനയും റിയാദിൽ എത്തിച്ചത്. മുംബൈയിലുള്ള റാഹത്ത് ട്രാവൽസാണ് ഇവരുടെ വീസ സ്റ്റാമ്പ് ചെയ്തിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള ട്രാവൽസും ഏജന്റുമാരുമാണ് യുവതികളെ മുംബൈയിൽ എത്തിച്ചത്. എറണാകുളം സ്വദേശി കുമാർ (ഇയാളുടെ ട്രാവൽസിന്റെ പേരും കുമാർ ട്രാവൽസ് എന്നാണ്), കാഞ്ഞിരപ്പള്ളിയിലുള്ള യുണെറ്റഡ് അറബ് ട്രാവൽസ്, കോഴിക്കോട്ടെ ത്രീ സ്റ്റാർ ട്രാവൽസ്, കോട്ടയം ബോസ് കൺസൽട്ടൻസി എന്നീ ഏജന്റുമാർ മുഖേനയാണ് ഇവരെ മുംബൈയിൽ എത്തിച്ചത്.

1500 റിയാൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ക്ലീനിംഗ് ജോലിക്കെന്നു പറഞ്ഞാണ് റിയാദിൽ എത്തിച്ചത്. ഇവിടെ എത്തിയപ്പോൾ മറ്റൊരു എഗ്രിമെന്റിൽ 800 റിയാലിനു ഒപ്പിടുവിക്കുകയായിന്നു. നാട്ടിൽ നിന്നും വീടും സ്വർണ്ണവും പണയപ്പെടുത്തിയാണ് യുവതികൾ സൗദിയിൽ എത്തിയത്. ഇപ്പോൾ ഇവർക്ക് ശമ്പളവും ആനുകൂല്യങ്ങളും കിട്ടിയിട്ട് മൂന്നു മാസമായെന്നു യുവതികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒരു റൂമിൽ ഏഴു പേരാണ് താമസിക്കുന്നത്. ഇവർക്കുള്ള ഭക്ഷണവും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നത് കേളി കലാ സാംസ്‌കാരിക വേദിയാണ്. എത്രയും പെട്ടെന്ന് നാട്ടിൽ പോകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. കേളി കലാസാംസ്‌കാരിക വേദി ജീവ കാരുണ്യ കൺവീനർ ബാബുരാജ് കപ്പിൽ ആണ് ഇവർക്ക് വേണ്ട നിയമസഹായം ചെയ്തു കൊടുക്കുന്നത്.

Loading...