വ്യാജ ചെക്ക് കേസ്: നടന്‍ റിസബാവ കോടതിയില്‍ കീഴടങ്ങി

കൊച്ചി: വ്യാജ ചെക്ക് നല്‍കിയ കേസില്‍ നടന്‍ റിസബാവ കോടതിയില്‍ കീഴടങ്ങി. നഷ്ടപരിഹാര തുകയായ 11 ലക്ഷം കോടതിയില്‍ കെട്ടി വച്ചെങ്കിലും കോടതി പിരിയുന്നത് വരെ കോടതിയില്‍ തടവ് ശിക്ഷ അനുഭവിക്കാന്‍ താരത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. തുക തിരിച്ച് നല്‍കാനുള്ള സമയ പരിധി അവസാനിച്ചതിനെ തുടര്‍ന്ന് റിസബാവയ്ക്ക് എതിരെ എറണാകുളം നെഗോഷിബിള്‍ ഇന്‍സ്ട്രുമെന്റ് കോടതി ഇന്നലെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

2018ലാണ് കേസ് ആരംഭിച്ചത്. എളമക്കര സ്വദേശി സാദിഖ് ആണ് നടനെതിരെ രംഗത്ത് എത്തിയത്. തുടര്‍ന്ന് കോടതി മൂന്ന് മാസം തടവും 11 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പിഴത്തുക അടച്ചാല്‍ അത് പരാതി കാരന് നല്‍കാനും പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി അധികതടവ് അനുഭവിക്കാനും വിധിയില്‍ ഉണ്ടായിരുന്നു. ഈ വിധിക്കെതിരെ റിസബാബ അപ്പീല്‍ നല്‍കുകയും ശിക്ഷ 11 ലക്ഷം പിഴമാത്രം ആക്കുകയും ചെയ്തു. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവ് അനുഭവിക്കാനും ഉത്തരവിട്ടു. പിന്നീട് നടന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സെഷന്‍സ് കോടതി വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. പിഴയടയ്ക്കാന്‍ ആറുമാസംകൂടി സമയം നല്‍കുകയും ചെയ്തിരുന്നു. കാലാവധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണ് റിസബാവയെ അറസ്റ്റുചെയ്തു ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു. പിന്നാലെയാണ് രിസബാവ കോടതിയില്‍ കീഴടങ്ങിയത്.

Loading...