പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം കുഴിയിൽ വീണ യുവാവ് ലോറി കയറി മരിച്ചു

കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം കുഴിയിൽ വീണ യുവാവ് മരിച്ചു. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. ലോറി കയറിയാണ് അപകടം ഉണ്ടായത്. വാട്ടർ അതോറിട്ടി കുഴിച്ച കുഴിയിൽ വീണ ഇയാളുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.

ഇരുചക്ര വാഹനത്തിലായിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഡിനോട് ചേര്‍ന്നുള്ള കുഴിയില്‍ വീണപ്പോള്‍ പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായിട്ടാണ് വാട്ടര്‍ അതോറിറ്റി കുഴി കുഴിച്ചിരുന്നത്.

Loading...

മുന്‍പ് നിരവധി പേര്‍ ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുഴിയടയ്ക്കണമെന്ന് നിരവധി തവണ വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ അലംഭാവം തുടരുകയായിരുന്നു. ഇരുചക്ര വാഹന യാത്രികര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥമൂലമുണ്ടാകുന്നത്.

അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ടി ജെ വിനോദ് എംഎൽഎ പ്രതികരിച്ചു. കുഴിക്ക് സമീപം വച്ച ബോർഡിൽ തട്ടിയാണ് യുവാവ് വീണതെന്നും ടി ജെ വിനോദ് പറഞ്ഞു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിച്ചു.