കൊട്ടിയൂർ പീഡനക്കേസ്; റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്, 20 വർഷം തടവ് 10 വർഷമാക്കി

കൊച്ചി: കൊട്ടിയൂർ പീഡനക്കേസിലെ പ്രതി റോബിൻ വടക്കുംചേരിയുടെ ശിക്ഷയിൽ ഇളവ്. 20 വർഷമായിരുന്ന ശിക്ഷായിളവ് 10 വർഷമാക്കി കുറച്ചു. 10 വർഷം തടവും ഒരുലക്ഷം രൂപയുമായി ശിക്ഷ കുറച്ചിരിക്കുകയാണ്. ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ് ഉണ്ടായിരിക്കുന്നത്. പോക്സോ കേസും ബലാത്സം​ഗ വകുപ്പും നിലനിൽക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. വിവാഹത്തിനായി ജാമ്യം തേടി റോബിൻ വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളിയിരുന്നു. വിവാഹം കഴിക്കാൻ രണ്ടുമാസത്തെ ജാമ്യം റോബിൻ വടക്കുംചേരിക്ക് നൽകണമെന്ന് ഇരയും വിവാഹം കഴിക്കാനുള്ള മൗലിക അവകാശം ഉറപ്പാക്കണമെന്ന് റോബിൻ വടക്കുംചേരിയും ആവശ്യപ്പെട്ടിരുന്നു. സർക്കാർ സംരക്ഷണയിലുള്ള തങ്ങളുടെ കുഞ്ഞിൻറെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവും ഇരുവരും ഉന്നയിച്ചിരുന്നു.

എന്നാൽ ഈ കേസിൽ ജാമ്യം നൽകില്ലെന്ന് തുടക്കത്തിലേ കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി കൃത്യമായ തീരുമാനമെടുത്ത കേസിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് വിനീത് സരൺ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ അനുമതി നൽകണമെന്ന ആവശ്യവും തള്ളിയിരുന്നു. കണ്ണൂർ ജില്ലിയിലെ കൊട്ടിയൂർ നീണ്ടുനോക്കി സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിലെ വൈദികനായിരുന്ന റോബിൻ വടക്കുംചേരി 2016 ൽ പള്ളിമേടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കി ഗർഭിണിയാക്കി എന്നതായിരുന്നു കേസ്. വിചാരണക്കിടെ പെണ്കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നുമായിരുന്നു പെൺകുട്ടി കോടതിയിൽ പറഞ്ഞത്.

Loading...

റോബിൻ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെൺകുട്ടി പറഞ്ഞിരുന്നു. കേസിലെ പ്രധാന സാക്ഷികളായ പെൺകുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാടായിരുന്നു എടുത്തത്. കേസിലെ ഡിഎൻഎ പരിശോധന ഫലത്തെ പ്രതിരോധിക്കാൻ രാജ്യത്തെ തന്നെ പ്രമുഖ ഡിഎൻഎ വിദഗ്ധനായ അഭിഭാഷകൻ ജി വി റാവുവിനെ ആണ് വൈദികൻ രംഗത്തിറക്കിയത്. എന്നാൽ പോലീസ് ഹാജരാക്കിയ ജനന രേഖകളും കുഞ്ഞിന്റെ പിതൃത്വം തെളിയിച്ച ഡിഎൻഎ ഫലവും പോക്സോ കേസിൽ നിർണായകമാകുകയായിരുന്നു.