അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുവെങ്കില്‍ ഇതെല്ലാം കണ്ട് സന്തോഷിച്ചേനെ: രോഹിണി പറയുന്നു

കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളായി തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് സജീവമാണ് നടി രോഹിണി. അഭിനയരംഗത്ത് മാത്രമല്ല സംവിധായക, ഗാനരചയിതാവ് എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച താരം മലയാള സിനിമകളിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

തന്റെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെയും വിഷമങ്ങളെയും കുറിച്ച് തുറന്നുപറയുകയാണ് താരം. ഭര്‍ത്താവായ നടന്‍ രഘുവരന്റെ മരണശേഷം ഒരുപാട് പരീഷണങ്ങള്‍ താന്‍ നേരിട്ടുവെന്നു രോഹിണി പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിണി മനസ്സുതുറന്നത്.

Loading...

നടിയെന്ന നിലയില്‍ പരിഗണനയും സ്‌നേഹവും ലഭിക്കുന്നുണ്ടെങ്കിലും അതുപോലെ വേദനകളും ലഭിച്ചിട്ടുണ്ടെന്ന് രോഹിണി പറയുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ സ്വകാര്യത നഷ്ടപ്പെടുന്നതാണ് അതില്‍ ഏറ്റവും പ്രധാനം.

രഘുവരന്‍ മരിച്ച സമയത്ത് ഞങ്ങളുടെ മകന്‍ ഋഷിയെ കൂട്ടിക്കൊണ്ടുവരാന്‍ താന്‍ സ്‌കൂളില്‍ പോയി. തനിക്കും മകനും സ്വകാര്യത വേണമെന്നും അതുകൊണ്ട് രഘുവിന്റെ വീട്ടില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ മാറ്റി നിര്‍ത്തണമെന്നും ഞാന്‍ വിളിച്ചു പറഞ്ഞിരുന്നു. കാരണം കൊച്ചുകുട്ടിയായ ഋഷിക്ക് അവന്റെ അച്ഛന്റെ വിയോഗം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. രഘുവിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ പത്രക്കാര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ കാറില്‍ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും പത്രക്കാര്‍ ഞങ്ങളുടെ പുറകേയെത്തി. കുറച്ചു നേരത്തേക്ക് വെറുതേ വിടണമെന്ന് അപേക്ഷിച്ചെങ്കിലും അവരത് കേട്ടില്ല.

ആളുകള്‍ ഒപ്പം കൂടുന്നത് ഋഷിക്ക് പ്രശ്‌നമാണ്. അതുകൊണ്ട് എനിക്കൊപ്പം പുറത്തുവരാന്‍ പലപ്പോഴായി അവന്‍ വിസമ്മതിച്ചിട്ടുണ്ട്. അവനോടൊപ്പം സെല്‍ഫി എടുക്കാന്‍ പലരും വരുമായിരുന്നെങ്കിലും അവനത് ഇഷ്ടമായിരുന്നില്ല. ഒരിക്കല്‍ രജനീകാന്ത് സാര്‍ രഘുവിന്റെ ആല്‍ബം റിലീസ് ചെയ്തിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് ഞാന്‍ ഋഷിയെ അവിടെ എത്തിച്ചത്.

രഘുവരനെക്കുറിച്ച് ഇന്നും ജനങ്ങള്‍ സംസാരിക്കുന്നുവെന്നത് എനിക്കു സന്തോഷം നല്‍കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇന്നും രഘുവരനെ ആരാധിക്കുന്നവര്‍ ഏറെയുണ്ട്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ഇതെല്ലാം കണ്ട് സന്തോഷിച്ചേനെ-രോഹിണി പറയുന്നു.

2004ല്‍ രോഹിണിയും രഘുവരനും വേര്‍പിരിഞ്ഞിരുന്നു. 2008ലാണ് രഘുവരന്‍ അന്തരിച്ചത്.