രോഹിത് ശര്‍മ്മ വിവാഹിതനാകുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ വിവാഹിതനാകുന്നു. രോഹിതിന്റെ സ്‌പോര്‍ട്‌സ് ഇവന്റ്‌സ് മാനേജറും അടുത്ത സുഹൃത്തുമായിരുന്ന റിഥിക സജ്ദയാണ് വധു. 28 വയസുകാരായ ഇരുവരും ആറ് വര്‍ഷമായി പരിചയമുള്ളവരാണ്. ട്വിറ്ററിലൂടെ റിഥികയ്‌ക്കൊപ്പം നില്കുന്ന സെല്‍ഫി പോസ്റ്റ് ചെയ്താണ് രോഹിത് വിവാഹവാര്‍ത്ത പരസ്യമാക്കിയത്. ഞായറാഴ്ച പഞ്ചാബ് കിംഗ്‌സ് ഇലവനെതിരേ നേടിയ വിജയവും രോഹിത് റിഥികയ്ക്ക് സമര്‍പ്പിച്ചു. സുഹൃത്തിനെ ജീവിത സഖിയാക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിച്ചാണ് രോഹിത് സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ലോകകപ്പിനിടെ ഇരുവരെയും ഒന്നിച്ച് കണ്ടത് വാര്‍ത്തയായിരുന്നു. രോഹിതിനൊപ്പം ഷോപ്പിംഗിനായി എത്തിയ റിഥികയുടെ ചിത്രവും മാധ്യമങ്ങളിലൂടെ പുറത്തായിരുന്നു. എന്നാല്‍ അന്ന് തങ്ങളുടെ ബന്ധത്തെപ്പറ്റി പ്രതികരിച്ചിരുന്നില്ല. ദീര്‍ഘകാലമായി ഇരുവരും സുഹൃത്തുക്കളാണ്. സ്‌പോര്‍ട്‌സ് മാനേജറായ റിഥിക മുംബൈയിലെ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് ജോലി ചെയ്യുന്നത്. യുവരാജ് സിംഗ് അടക്കമുള്ള താരങ്ങള്‍ രോഹിതിനും റിഥികയ്ക്കും ആശംസകള്‍ അര്‍പ്പിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Loading...