റസ്റ്റോറന്റിന്റെ മേൽക്കൂര തകർന്ന് വീണു; അഞ്ച് പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിൽ റസ്റ്റോറന്റിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം. ഉപഭോക്താക്കളുടെ മുകളിലേക്ക് മേൽക്കൂര തകർന്നുവീണാണ് അഞ്ച് പേർക്ക് പരിക്കേറ്റത്. സംഭവം നടന്നത് അൽകോബാറിലാണ്. അപകടത്തിൽ അഞ്ച് പേർക്കാണ് പരിക്കേറ്റത്. റസ്റ്റോറന്റിൽ ഉപഭോക്താക്കളുണ്ടായിരുന്ന സമയത്ത് മുൻവശത്തെ മേൽക്കൂര തകരുകയും അവർക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു.

പരിക്കേറ്റവരിൽ മൂന്ന് പേർ സ്‍ത്രീകളാണ്. ഒരു കുട്ടിയും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.അപകടത്തിൽ പരിക്കേറ്റവരെല്ലാം സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ. ഇവരെ കിങ് ഫഹദ് യൂണിവേഴ്‍സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്‍തികരമാണെന്ന് അധികൃതർ അറിയിച്ചു. ഇവർക്ക് എല്ലാവിധ പരിചരണവും ഉറപ്പാക്കണമെന്ന് കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരൻ നിർദേശം നൽകി. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കിഴക്കൻ പ്രവിശ്യാ സിവിൽ ഡിഫൻസ് മേധാവിക്ക് അദ്ദേഹം നിർദേശം നൽകി. കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നഗരസഭയുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.

Loading...