ഗാന്ധിനഗർ: അമ്മ റോസ്ലിയേയും പിന്നാലെ ഭർത്താവിനെയും നഷ്ടമായ മഞ്ജു കിടക്കാനിടമില്ലാതെ അലയുന്നു. ഇലന്തൂരിൽ നരബലിക്ക് വിധേയമായ റോസ് ലിയുടെ മകൾ മഞ്ജുവും അഞ്ചു വയസ് പ്രായമുള്ള മകനും അന്തിയുറങ്ങാൻ ഒരു ഇടമില്ലാത്തതിൽ കരയുകാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന റോസ് ലിയുടെ മൃതദേഹം മഞ്ജുവും ഭർത്താവ് ബിജുവും ചേർന്ന് ബിജുവിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അങ്കമാലി കറുകുറ്റി അട്ടാറ പൊതുസ്മശാനത്തിൽ കഴിഞ്ഞ ദിവസം സംസ്കരിച്ചിരുന്നു.
പിന്നാലെ റോസ് ലിയുടെ മകൻ സഞ്ജു ഒരപകടത്തിൽ പെട്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. വിവരം അറിഞ്ഞ് ബുധനാഴ്ച രാത്രി ബിജുവും മഞ്ജുവും മെഡിക്കൽ കോളജിലെത്തി. വ്യാഴാഴ്ച പുലർച്ചെ ബിജു വാടകക്ക് താമസിക്കുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലേക്ക് മടങ്ങി. ശേഷം കേട്ടത് ഭർത്താവ് ആഹാമത്യ ചെയ്തെന്ന വാർത്തയും. തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ പോയി ഭർത്താവിന്റെ മൃതദേഹം കണ്ടു.
ശേഷം സഹോദരൻ ചികിത്സയിൽ കഴിയുന്ന കോട്ടയം മെഡിക്കൽ കോളജിലെത്തി. അപ്പോൾ സഞ്ജുവിനെ ഡിസ്ചാർജ് ചെയ്തിരുന്നു. ഭർത്താവ് ആത്മഹത്യ ചെയ്തതിനാൽ ഇനി മുതൽ വാടക വീട്ടിൽ താമസിക്കണ്ടയെന്ന നിലപാടിലാണ് കെട്ടിട ഉടമ. ഇതോടെ പോകാൻ ഒരു ഇടമില്ലാതെയായി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവതിക്കും കുഞ്ഞിനും വേണ്ട സംരക്ഷണം നൽകാൻ നവജീവൻ തോമസും അച്ചായൻസ് ഗോൾഡ് ഉടമ ടോണി തയ്യാറായി.