സംഘർഷം പെൺസുഹൃത്തിനായി: റോഷൻ ആൻഡ്രൂസ് കൂടുതൽ കുടുക്കിലേക്ക്

നിർമാതാവിനെ വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ സംവിധായകൻ റോഷൻ ആൻഡ്രൂസിനു മേൽ കുരുക്ക് മുറുകുന്നു. നാൽപതിലേറെ പേരുമായി എത്തിയ റോഷൻ ആൻഡ്രൂസ് അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നാണ് നിർമാതാവിന്‍റെ മകൻ ആല്‍വിന്‍ ആന്‍റണി ആരോപിക്കുന്നത്. അതേസമയം സംഘടനത്തിനു പിന്നിൽ ഒരു പെൺസുഹൃത്താണെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തു വരുന്നത്.

തങ്ങൾ രണ്ടു പേർക്കും ഒരു പെൺ സുഹൃത്തുണ്ട്. അവളുമായി എനിക്കുള്ള സൗഹൃദം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. എന്നോട് അത് നിര്‍ത്തണമെന്ന് പറഞ്ഞു. ഞാനങ്ങനെ ചെയ്യാത്തിനാല്‍ അത് വൈരാഗ്യമായി മാറിയെന്ന് ആൽവിൻ ആന്‍റണി പറയുന്നു.

എന്നെപ്പറ്റി മോശമായി പല കാര്യങ്ങളും പറഞ്ഞു പരത്തി. അത് ചോദ്യം ചെയ്തതിന്‍റെ അനന്തരഫലമാണ് ഞാനും എന്‍റെ കുടുംബവും അനുഭവിക്കുന്നത്. ഒരു അഭിമുഖത്തില്‍ ആല്‍വിന്‍ പറഞ്ഞു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സംവിധാന സഹായികളായിരുന്നു ആല്‍വിന്‍ ജോണ്‍ ആന്‍റണിയും ഈ പെണ്‍കുട്ടിയും.

റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ഞാന്‍ രണ്ടു സിനിമകളില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യു വിലും മുംബൈ പോലീസിലും. ഞാന്‍ ജീവിതത്തില്‍ ഇന്നേവരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. ഹൗ ഓള്‍ഡ് ആര്‍ യു സെറ്റിലെ ആരോടു വേണമെങ്കിലും അന്വേഷിക്കാം. മയക്കു മരുന്നു ഉപയോഗിച്ചാല്‍ എന്നെ പണ്ടേ എന്റെ വീട്ടില്‍ നിന്ന് തന്നെ പുറത്താക്കിയേനേ. ഞാന്‍ അങ്ങനെ ചെയ്താല്‍ ചീത്തപ്പേര് എന്‍റെ കുടുംബത്തിനാണ്.

40 ഗുണ്ടകളുമായാണ് റോഷന്‍ ആന്‍ഡ്രൂസ് എന്റെ വീട്ടിലേക്ക് വന്നത്. ഞാന്‍ അവിടെ ഇല്ലായിരുന്നു. വീട്ടില്‍ മമ്മിയും ഡാഡിയും എന്‍റെ കുഞ്ഞനുജത്തിയും ഉണ്ടായിരുന്നു. അനുജത്തിക്ക് പന്ത്രണ്ട് വയസ് മാത്രമേ പ്രായമുള്ളൂ. ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. എന്‍റെ സുഹൃത്ത് ഒരു ഡോക്ടറും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തെയാണ് അവര്‍ കൂടുതല്‍ ആക്രമിച്ചതെന്നും ആൽവിൻ പറയുന്നു.