ഇടുക്കി ഡാം ഇന്ന് തുറക്കില്ല, റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: മഴ കുറഞ്ഞ സാഹചര്യത്തില്‍ ഇടുക്കി ഡാം ഇന്ന് തുറക്കില്ലെന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.

2398.46 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതോടെ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായിട്ടുണ്ട്. തമിഴ്‌നാടിനോട് കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മഴ കൂടിയാല്‍ ഡാം തുറക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടില്‍ ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച്‌ 2399.03 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. തുറക്കേണ്ടി വന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി സെക്കന്റില്‍ ഒരു ലക്ഷം ലിറ്ററോളം വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് തീരുമാനം.

Loading...

അതേസമയം, മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഇനി കോടതിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ താത്പര്യം ജനങ്ങളുടെ സുരക്ഷയാണ്. 2017 മുതലുള്ള കാലാവസ്ഥാ വ്യതിയാനം കോടതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മരംമുറി വിഷയത്തില്‍ ഇപ്പോഴും ഒരു യോഗവും ചേര്‍ന്നിട്ടില്ലെന്ന നിലപാടിലാണ് മന്ത്രി.