കോട്ടയം: ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയ സംഭവത്തിൽ പ്രതികരിച്ച് റോഷി അഗസ്റ്റിൻ എംഎൽഎ. യുഡിഎഫിൽനിന്നു പുറത്താക്കിയ നടപടി ഖേദകരമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. കേരള കോൺഗ്രസ് ഒരു അപരാധവും ചെയ്തിട്ടില്ല. യുഡിഎഫ് തീരുമാനം ചതിയും പാതകവുമാണ്. ജോസ് പക്ഷം വഴിയാധാരമാകില്ല. എല്ലാ ജില്ലകളിലും പ്രവർത്തകരുള്ള പാർട്ടിയാണ്. യുഡിഎഫ് തീരുമാനം ദുഖകരമാണ്. യുഡിഎഫ് യോഗത്തിൽ ഞങ്ങളും പങ്കെടുക്കേണ്ടതാണ്. ഏത് യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് അറിയില്ലെന്നും റോഷി പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയണമെന്ന തരത്തിൽ ധാരണയുണ്ടായിരുന്നില്ലെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. ‘യുഡിഎഫ് ഒരു പ്രമേയം പാസാക്കണമെങ്കിൽ എല്ലാവരും യോഗം ചേർന്ന് വേണ്ടെ പ്രമേയം പാസാക്കാൻ ? ആ യോഗത്തിൽ തങ്ങളുണ്ടായിരുന്നില്ല. പുറത്താക്കൽ നീതികരിക്കാനാവില്ല. യുഡിഎഫ് നടപടി സങ്കടകരമാണ്’- റോഷി പറയുന്നു.
മറ്റു മുന്നണിയിലേക്ക് പോകുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. യുഡിഎഫിൽനിന്ന് പുറത്താക്കാനുള്ള കാരണം അറിയില്ല. കെഎം മാണിയെ മുന്നിൽ നിന്ന് കുത്താൻ സാധിക്കാത്തവർ ഇപ്പോൾ പിന്നിൽ നിന്ന് കുത്തിയെന്ന് റോഷി അഗസ്റ്റിൻ വികാരാധീതനായി പറഞ്ഞു. തങ്ങളെ ആവശ്യമുള്ളവരുണ്ടെന്നും റോഷി പറയുന്നു.