തൃശൂര്‍: മകള്‍ സിബി ഗീതയെ മേയറാക്കാന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ ശ്രമം കോണ്‍ഗ്രസില്‍ വീണ്ടും വിവാദമാകുന്നു. ഭരിക്കാന്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൃശൂര്‍ കോര്‍പ്പറേഷനില്‍ മകള്‍ക്ക് വേണ്ടി കെ.പി.സി.സി നിലപാട് മറികടന്ന് കോൺഗ്രസ് വിമതരുടെയും ബി.ജെ.പിയുടെയും പിന്തുണയോടെ ഭരണം പിടിക്കാൻ മന്ത്രി സി.എൻ.ബാലകൃഷ്ണൻ ശ്രമം ആരംഭിച്ചു. ബാലകൃഷ്ണന്‍ പിന്തുണയ്ക്കായി വിമതരുമായി ചര്‍ച്ച നടത്തിയത് വന്‍ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. ഗ്രൂപ്പ് പോര് ശക്തമായ തൃശൂര്‍ കോണ്‍ഗ്രസില്‍ വന്‍ എതിര്‍പ്പിനിടയിലും സ്ഥാനാര്‍ത്ഥിയാക്കി സിഎന്‍ ബാലകൃഷ്ണന്‍ മകളെ സിബി ഗീതയെ വിജയിപ്പിച്ചെടുത്തു.
ഈ നീക്കത്തിന് എ ഗ്രൂപ്പില്‍ നിന്നും വന്‍ പ്രതിഷേധം നേരിടുമ്പോള്‍ ഇക്കാര്യത്തില്‍ എതിര്‍പ്പുള്ള ഒരുകൂട്ടം ഐ ഗ്രൂപ്പുകാരും ഇതിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. ഇവര്‍ ഇക്കാര്യം കെപിസിസി നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതായിട്ടാണ് വിവരം. ബിജെപി, ഇടതുപക്ഷത്തെ ചിലര്‍ എന്നിവരുമായിട്ടാണ് ചര്‍ച്ച നടന്നതെന്നാണ് വിവരം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ നടത്തുന്ന ഇത്തരം ചര്‍ച്ചകള്‍ ക്ഷീണമാകുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
മകള്‍ സി.ബി. ഗീതയെ മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാട്ടി മത്സരിച്ച കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടിരുന്നു. എല്‍ഡിഎഫ് 25 സീറ്റു നേടി വലിയ കക്ഷിയായപ്പോള്‍ കോണ്‍ഗ്രസിന് നേടാനായത് 21 സീറ്റ്. ബിജെപിയ്‌ക്ക് ആറ്. വിമതര്‍ പിടിച്ചത് മൂന്ന് ഡിവിഷന്‍. ഇതില്‍ സിഎംപി വിമതന്‍ എല്‍ഡിഎഫിന് പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വിമതരെ മന്ത്രി സമീപിച്ചത്.
കുട്ടിറാഫി ഡിസിസി ഓഫീസിലെത്തിയാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. രാമനിലയത്തില്‍ വച്ച് രണ്ടാമത്തെ വിമതന്‍ ജേക്കബ് പുലിക്കോട്ടിലിനെ മന്ത്രി കണ്ടു. രണ്ടു ദിവസത്തിനകം തീരുമാനമറിയിക്കുമെന്നാണ് വിമതര്‍ മന്ത്രിയെ അറിയിച്ചത്. ബിജെപിയുടെ പിന്തുണയും സിഎന്‍ പ്രതീക്ഷിക്കുന്നുണ്ട്.
എൽ.ഡി.എഫിനേക്കാൾ നാല് സീറ്റ് കുറവുള്ള യു.ഡി.എഫിന് തൃശൂർ കോർപ്പറേഷനിൽ ഭരണത്തിലെത്തണമെങ്കിൽ വിമതരുടെയും ബി.ജെ.പിയുടെയും പിന്തുണ വേണം. ഈ രണ്ട് കൂട്ടരുടെയും പിന്തുണ സ്വീകരിക്കില്ലെന്നാണ് കെ.പി.സി.സിയുടെയും ജില്ലാ നേതൃത്വത്തിന്റെയും നിലപാട്
കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് മകളെ ഉയര്‍ത്തി കാട്ടുന്നതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അന്ന് രംഗത്ത് വരികയും ചെയ്തിരുന്നു. നേരത്തേ തന്നെ തൃശൂരില്‍ ഗ്രൂപ്പ് പോര് ശക്തമായിരുന്നു.