മോദിയുടെ എസ്‌പി‌ജി സുരക്ഷയുടെ ചെലവ്; പ്രതിദിനം 1.62 കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാണ് പ്രത്യേക സംരക്ഷണ സംഘത്തിന്റെ (എസ്‌പി‌ജി) സുരക്ഷ ലഭിക്കുന്നത് എന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. പാർലമെന്റിലെ ഒരു ചോദ്യത്തിന് ആഭ്യന്തരമന്ത്രാലയം ലോക്സഭയിൽ രേഖാമൂലം മറുപടി നൽകുകയായിരുന്നു. സെൻ‌ട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൻറെയും (സി‌ആർ‌പി‌എഫ്) രാജ്യത്തെ പ്രത്യേക സംരക്ഷണ സംഘത്തിന്റെയും (എസ്‌പി‌ജി) കീഴിൽ നിലവിൽ സംരക്ഷണം ലഭിക്കുന്നവരുടെ വിവരങ്ങൾ ഡി‌എം‌കെ പാർലമെൻറ് അംഗം ദയാനിധി മാരനാണ് ചോദിച്ചത്.

ഇതിന് മറുപടിയായി, എസ്‌പി‌ജി ഒരാളെ മാത്രമേ സംരക്ഷിക്കുന്നുള്ളൂ എന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു എന്നാൽ പ്രധാനമന്ത്രി മോദിയുടെ പേര് അദ്ദേഹം പറഞ്ഞില്ല. സിആർ‌പി‌എഫ് സംരക്ഷണം ലഭിക്കുന്നവരുടെയും 2014 മുതൽ സുരക്ഷാ പരിരക്ഷയിൽ മാറ്റം വരുത്തിയ വിഐപികളുടെയും വിശദാംശങ്ങൾ അദ്ദേഹം നൽകിയിട്ടില്ല – “സുരക്ഷാ കാരണങ്ങൾ” ചൂണ്ടിക്കാട്ടി ദയാനിധി മാരൻ ഈ വിവരങ്ങളും ആവശ്യപ്പെട്ടിരുന്നു.

Loading...

രാജ്യത്തെ 56 പ്രധാന വ്യക്തികൾക്ക് സിആർ‌പി‌എഫ് സുരക്ഷ നൽകുന്നു എന്ന് ജി കിഷൻ റെഡ്ഡി ചൊവ്വാഴ്ച ലോക്സഭയെ അറിയിച്ചു. പ്രത്യേക കമാൻഡോകളുടെ 3,000 അംഗങ്ങളുള്ള എസ്‌പി‌ജിക്കായി 2020-21 ലെ കേന്ദ്ര ബജറ്റിൽ തുക വകയിരുത്തിയിരുന്നു. എസ്പിജി സേനയ്ക്ക് 2020-21ൽ 592.55 കോടി രൂപ വകയിരുത്തി – ബജറ്റ് വിഹിതത്തിൽ ഏകദേശം 10 ശതമാനത്തിന്റെ വർധനയാണിത്. കഴിഞ്ഞ വർഷം എസ്‌പി‌ജി നിയമം ഭേദഗതി ചെയ്യുന്നതിനുമുമ്പ് നാല് വിഐപികളുടെ സംരക്ഷണത്തിന് എസ്‌പി‌ജി ഉത്തരവാദിത്തമുണ്ടായിരുന്നു എന്നാൽ നിലവിൽ അതില്ലാത്ത സാഹചര്യത്തിൽ ഈ വർദ്ധനവ് അപ്രതീക്ഷിതമായിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാർദ്ര എന്നിവരാണ് സുരക്ഷ ലഭിച്ചിരുന്ന മറ്റ് മൂന്ന് പേർ.

2020-21 കാലയളവിൽ എസ്‌പി‌ജിയുടെ ബജറ്റ് വിഹിതം 10 ശതമാനം വർധിപ്പിച്ചതോടെ പ്രധാനമന്ത്രി മോദിയുടെ എസ്‌പിജി സുരക്ഷയുടെ ചെലവ് കുത്തനെ ഉയർന്നു. 592 കോടി രൂപയിൽ പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നതിനുള്ള ചെലവ് പ്രതിദിനം 1.62 കോടി രൂപ അല്ലെങ്കിൽ മണിക്കൂറിൽ 6.75 ലക്ഷം രൂപ അല്ലെങ്കിൽ മിനിറ്റിൽ 11,263 രൂപയാണ്.