തിരുവനന്തപുരം: അഴിമതിയിലും കോണ്‍ഗ്രസിന്റെ വല്യേട്ടന്‍ മനോഭാവത്തിലും പ്രതിഷേധിച്ച് ആര്‍.എസ്.പിയും ജനതാദളും(യു) യു.ഡി.എഫ് വിടുമെന്ന് ഏതാണ്ട് ഉറപ്പായി.അതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി. അബുവിനും എം.എ. വാഹീദ് എം.എല്‍.എയ്ക്കുമെതിരെയുള്ള മന്ത്രി ഷിബു ബേബിജോണിന്റെ പരാതി നല്‍കിയതു്. അടുത്ത നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പ് ഈ രണ്ടു പാര്‍ട്ടികളും യു.ഡി.എഫില്‍ നിന്നും സി.പി.എമ്മിലേക്ക് കുടിയേറാനാണ് സാധ്യതകള്‍. സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതോടെ ഇക്കാര്യത്തില്‍ നിര്‍ണ്ണായകതീരുമാനം ഉണ്ടാകുമെന്നും അതിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാര്‍കോഴ കേസില്‍ ആര്‍.എസ്.പിയ്ക്കും ജനതാളി(യു)നും കടുത്ത അതൃപ്തിയുണ്ട്. ഈ കേസും അത് കൈകാര്യം ചെയ്ത രീതിയും യു.ഡി.എഫിനെ ശവക്കുഴിയിലാക്കിയെന്നാണ് ഈ പാര്‍ട്ടികളുടെ അഭിപ്രായം. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ സംഭവങ്ങളെ കോണ്‍ഗ്രസിനെപ്പോലെ ന്യായീകരിക്കാന്‍ ഇരുപാര്‍ട്ടികളും തയാറുമല്ല. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നമുണ്ടാകാതിരിക്കാന്‍ മുന്‍കൈയെടുക്കേണ്ട മുഖ്യമന്ത്രിയാണ് ഇത് വഷളാക്കിയതെന്ന് ഇരുപാര്‍ട്ടികള്‍ക്കും അഭിപ്രായമുണ്ട്. അതിന് പുറമെ ജനാധിപത്യമില്ലെന്ന് ആരോപിച്ച് പുറത്തുവന്ന ഇടതുമുന്നണിയെക്കാള്‍ മോശമാണ് യു.ഡി.എഫിലെ ജനാധിപത്യമെന്നാണ് ഇവരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ ഈ മുന്നണിയുമായി ഒന്നിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് ഇരു പാര്‍ട്ടികളും വ്യക്തമാക്കുന്നത്.
കൊല്ലം ലോക്‌സഭാസീറ്റുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ നിന്നും പുറത്തുവന്ന ആര്‍.എസ്.പിക്ക് യു.ഡി.എഫില്‍ നിന്നും ശക്തമായ തിരിച്ചടിയാണുണ്ടാകുന്നത്. തങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള ദേവസ്വംബോര്‍ഡിലെ റിക്രൂട്ടിമെന്റിനുള്ള ബോര്‍ഡ് രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയെ തഴഞ്ഞു. മാത്രമല്ല, വര്‍ഷങ്ങളായി മത്സരിച്ചുകൊണ്ടിരുന്ന അരുവിക്കര സീറ്റും നഷ്ടപ്പെട്ടു. അതുമാത്രമല്ല, ശക്തന്‍ സ്പീക്കറായതിനെത്തുടര്‍ന്ന് ഒഴിവുവന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും നല്‍കില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇത്തരത്തില്‍ കോണ്‍ഗ്രസിന്റെ അടിമയായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ പൊതുനിലപാട്. ഇടതുമുന്നണിയില്‍ തന്നെയായിരുന്നെങ്കില്‍ അരുവിക്കരയില്‍ നിന്നും പ്രേമചന്ദ്രനെ നിയമസഭയില്‍ എത്തിക്കാനും കഴിയുമായിരുന്നുവെന്നും അവര്‍ വിലപിക്കുന്നു. ഇപ്പോള്‍ യു.ഡി.എഫിന്റെ അഴിമതിയുടെ ഭാഗമായി തങ്ങളുടെ പ്രതിച്ഛായതന്നെ ഇല്ലാതാകുന്ന സ്ഥിതിയാണെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്.
ഇടതുമുന്നണിയില്‍ നിന്നും വിട്ടുവന്നിട്ട് എന്തുനേടിയെന്ന പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ വായടച്ച മട്ടിലാണ് ആര്‍.എസ്.പി. മാത്രമല്ല, കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നിന്നും ഒരുവിഭാഗം അടുത്ത നിയമസഭാതെരഞ്ഞെടുപ്പോടെ എല്‍.ഡി.എഫില്‍ എത്തുമെന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായിട്ടുണ്ട്. അതിന് തടയിടാനാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് ആവശ്യം ഉന്നയിച്ചത്. എന്നാല്‍ അത് കോണ്‍ഗ്രസ് നല്‍കില്ല. ഈ സാഹചര്യത്തില്‍ നിലപാട് കര്‍ശനമാക്കാനാണ് ആര്‍.എസ്.പിയുടെ തീരുമാനം. എന്നാല്‍ ഒന്നായതോടെ പാര്‍ട്ടിയുടെ കടിഞ്ഞാല്‍ മന്ത്രി ഷിബുബേബിജോണിന്റെ കൈക്കലായിട്ടുണ്ട്. യു.ഡി.എഫ് വിട്ടാല്‍ പിന്നെ അദ്ദേഹത്തിന് മന്ത്രിസ്ഥാനം സ്വപ്നം കാണാന്‍ പോലും കഴിയില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഈ നീക്കത്തോട് അത്ര യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ നിയമസഭയിലെ സംഭവങ്ങള്‍ സംബന്ധിച്ച് അബുവും വാഹീദും നടത്തിയ മോശം പരാമര്‍ശത്തോടെ ആ നിലപാട് തിരുത്താന്‍ അദ്ദേഹവും നിര്‍ബന്ധിതനായിരിക്കുകയാണ്. ആ നിര്‍ബന്ധത്തിന് വഴങ്ങിയതിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കാനും പിന്നീട് നിയമനടപടികളിലേക്ക് നീങ്ങാനും ഷിബു തയാറായിരിക്കുന്നത്. ഓഗസ്റ്റില്‍ ആര്‍.എസ്.പിയുടെ സംസ്ഥാനസമ്മേളനം നടക്കുന്നുണ്ട്. അതില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ മുന്നണി മാറി വന്നാല്‍ സഹകരിപ്പിക്കില്ലെന്ന് എല്‍.ഡി.എഫ് വ്യക്തമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ അഴിമതി സ്ത്രീകളെ അവഹേളിക്കല്‍ എന്നിവ ചൂണ്ടിക്കാട്ടി പുറത്തുവരാനാണ് നീക്കം.
ഇതേ അവസ്ഥയിലാണ് ജനതാദളും(യു). അവരും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി അവരും മുന്നണി വിടും. ദേശീയതലത്തില്‍ ജനതാപരിവാറിന്റെ ഏകീകരണത്തോടെ എന്തായാലുംഅത് വേണ്ടിവരും. എന്നാല്‍ ഇടതുമുന്നണി വിട്ടുവന്നപ്പോള്‍ തങ്ങളോടുണ്ടായിരുന്ന താല്‍പര്യം ഇപ്പോള്‍ യു.ഡി.എഫിനില്ലെന്നാണ് ജനതാദളിന്റെ പരാതി. ഇടതുമുന്നണി വിട്ടുവന്നപ്പോള്‍ ലോക്‌സഭയിലേക്ക് അക്കുറി മത്സരിക്കുന്നില്ലെന്ന ധാര്‍മ്മികമായ ഒരു നിലപാട് സ്വീകരിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ വടകര സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ചതിച്ചു. സിറ്റിംഗ് സീറ്റെന്ന പേരില്‍ തങ്ങള്‍ക്ക് അത് നിഷേധിച്ചപ്പോള്‍ മറ്റൊരു സിറ്റിംഗ് സീറ്റായ കൊല്ലം ഇടതുമുന്നണി വിട്ടുവന്ന ആര്‍.എസ്.പിക്ക് നല്‍കി. മാത്രമല്ല, പാലക്കാട് കൊണ്ടുനിര്‍ത്തി പാര്‍ട്ടിയുടെ സമുന്നത നേതാവായ വിരേന്ദ്രകുമാറിനെ നാണം കെടുത്തി. മുന്നണിയെന്ന നിലയില്‍ അര്‍ഹതപ്പെട്ട ഒന്നുംനല്‍കിയിട്ടില്ല. കൂടാതെ ഈ മുന്നണിയിലെ അംഗമെന്ന നിലയില്‍ തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാനുംകഴിയില്ല. ആ സാഹചര്യത്തില്‍ ഇവിടെ യു.ഡി.എഫിനോട് ഒരുകടപ്പാടുമില്ലെന്നാണ് ഇവരുടെയും നിലപാട്. ദേശീയതലത്തിലൂം കോണ്‍ഗ്രസുമായി ഒരു സഖ്യവുമില്ല. അതുകൊണ്ട് മറിച്ച് ചിന്തിക്കേണ്ടിവരുമെന്ന് അവരും വ്യക്തമാക്കുന്നു.
ദേശീയതലത്തില്‍ ബി.ജെ.പി.ക്കെതിരേ വിശാല ഇടതു ഐക്യത്തിനുളള നീക്കം ശക്തമായിരിക്കുകയാണ്. സി.പി.എമ്മിന്റെ പാര്‍ട്ടികോണ്‍ഗ്രസ് കഴിയുന്നതോടെ പല രാഷ്ട്രീയമാറ്റങ്ങള്‍ക്കും വഴിവയ്ക്കും. അതോടൊപ്പം ഇവിടെ പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറിയതും ഈ പാര്‍ട്ടികള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. കോടിയേരിയെ സംബന്ധിച്ചിടത്തോളം കുറേക്കൂടി മൃദുസ്വഭാവം പുലര്‍ത്തുന്ന വ്യക്തിയായതിനാല്‍ ഇടതുമുന്നണിയിലേക്കുളള മടക്കം കൂടുതല്‍ സുഗമമാകുമെന്നും ഈ പാര്‍ട്ടികള്‍ വിലയിരുത്തുന്നു. പിണറായിയുടെ പരനാറി പ്രയോഗം ആര്‍.എസ്.പി.യെ കുഴയ്ക്കുന്നുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്ന ന്യായം പറഞ്ഞ് ഇത് മറികടക്കാവുന്നതേയുള്ളു. അത്തരത്തിലുളള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുമുണ്ട്.