കൊല്ലം: സംസ്‌ഥാന സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയ ആര്‍.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡനെ തള്ളി മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബി ജോണ്‍ രംഗത്ത്. ചന്ദ്രചൂഡന്റെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമല്ലെന്ന് ഷിബു പറഞ്ഞു. മുന്നണിയിലെ മറ്റൊരു പാർട്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് അസ്വഭാവികമാണ്. ചന്ദ്രചൂഡന്റെ പ്രസ്താവന പാർട്ടി സെക്രട്ടറിയേറ്റ് ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനും കോൺഗ്രസ് ദേശീയ നേതൃത്വത്തിനുമെതിരേ ചന്ദ്രചൂഡൻ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
ആര്‍.എസ്.പി സെക്രട്ടേറിയേറ്റ് ചേര്‍ന്ന് അദ്ദേഹത്തിന്റെ പ്രസ്‌താവനകള്‍ പരിശോധിക്കുമെന്നും അതിനു ശേഷം ഇക്കാര്യത്തിലെ നിലപാട് അറിയിക്കുമെന്നും ഷിബു ബേബി ജോണ്‍ വ്യക്‌തമാക്കി. കേരളസര്‍ക്കാരിന്റ പ്രവര്‍ത്തനത്തെ ഒപ്പം നില്‍ക്കുന്നവര്‍ പോലും ലജ്‌ജയോടെയാണ് നോക്കിക്കാണുന്നതെന്നും ചരിത്രത്തിലെ ഏറ്റവുമധികം അഴിമതി ആരോപണം നേരിടുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നുമായിരുന്നു ചന്ദ്രചൂഡന്റെ വിമര്‍ശനം. സര്‍ക്കാര്‍ ശുദ്ധീകരണത്തിന് തയാറാകണമെന്നും കുഴപ്പക്കാരുണ്ടെങ്കില്‍ ചെവിയ്‌ക്കു പിടിച്ച് പുറത്തുകളയണമെന്നും ആര്‍.എസ്.പി സംസ്‌ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപവത്‌കരണ യോഗത്തില്‍ ചന്ദ്രചൂഡന്‍ വിമര്‍ശിച്ചിരുന്നു.