ആര്‍.എസ്.പിയില്‍ പൊട്ടിത്തെറി: കോവൂര്‍ കുഞ്ഞുമോന്‍ ഇടതുമുന്നണിയിലേയ്ക്കോ?

തിരുവനന്തപുരം: കലാപരൂക്ഷിതമായ യമനില്‍ ഉള്ളതിനെക്കാള്‍ കുഴപ്പമാണ് ഇപ്പോള്‍ ആര്‍.എസ്.പി യില്‍ നടക്കുന്നത്. ഷിബു ബേബി ജോണിന്റെ അപ്രമാദിത്വത്തില്‍ അസന്തുഷ്ടനായി കോവൂര്‍ കുഞ്ഞുമോനും ഗ്രൂപ്പും ഇടതുമുന്നണികാട്ടി വിരട്ടുന്നു. യു.ഡി.എഫില്‍ നില്‍ക്കണമെങ്കില്‍ അരുവിക്കര തന്നെ വേണം. കുന്നത്തൂര്‍ ആണെങ്കില്‍ ഇടതുപക്ഷത്തേക്ക് ചാടും. എന്തായാലും ജയം മാത്രം ലക്ഷ്യം!

ബാര്‍ക്കോഴവിഷയത്തില്‍ യു.ഡി.എഫ് രാഷ്ട്രീയ പ്രതിസന്ധിയില്‍ അകപ്പെട്ടതോടെ മുന്നണിയില്‍ ആര്‍.എസ്.പി നിലപാട് കടുപ്പിക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന കടുത്ത നിലപാടിലേക്ക് അവര്‍ നീങ്ങുന്നു.

Loading...

രാജ്യസഭാതെരഞ്ഞെടുപ്പുള്‍പ്പെടെ വളരെ നിര്‍ണ്ണായകമായ ഘട്ടങ്ങള്‍ കടന്നുപോകേണ്ട സാഹചര്യമായതിനാല്‍ ആര്‍.എസ്.പിയുടെ ഇപ്പോഴത്തെ നീക്കം യു.ഡി.എഫിലെ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിപ്പിക്കും.

ജി. കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന സ്പീക്കര്‍ സ്ഥാനത്തേക്ക് എന്‍. ശക്തന്‍ നിയമിതനായതോടെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് ഒഴിവവുവന്നത്. നേരതെതന്നെ ആര്‍.എസ്.പി ആ സ്ഥാനത്തേക്കും കാര്‍ത്തികേയന്റെ നിര്യാണത്തോടെ ഒഴിവുവന്ന അരുവിക്കര നിയമസഭാസീറ്റിലേക്കും അവകാശവാദം ഉന്നയിച്ചിരുന്നു.

എന്നാല്‍ അരുവിക്കര സീറ്റ് കോണ്‍ഗ്രസ് എടുക്കുകയും ഡെപ്യൂട്ടി സ്പക്കര്‍ സ്ഥാനത്തില്‍ ആര്‍.എസ്.പിയുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയുമായിരുന്നു. ഒരുവട്ടം അവരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. നേരത്തെ യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്നപ്പോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നതുമാണ്. എന്നാല്‍ സാഹചര്യം മാറിയതോടെ ആര്‍.എസ്.പി വിട്ടുവീഴ്ചയില്ലാത്ത നിലപാടിലേക്ക് നീങ്ങുകയാണ്. ഇത് മുന്നണിയുടെ ശിഥിലീകരണത്തിന് പോലും വഴിവയ്ക്കുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ ആര്‍.എസ്.പി കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടേണ്ടിവരും. കോവൂര്‍ കുഞ്ഞുമോന് വേണ്ടിയാണ് ആര്‍.എസ്.പി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെടുന്നത്. ഇപ്പോള്‍ തന്നെ പാര്‍ട്ടിയ്ക്കുള്ളില്‍ കുഞ്ഞുമോനും കൂട്ടരും അത്ര തൃപ്തരല്ല. അന്ന് ആര്‍.എസ്.പി മുന്നണിവിടുമ്പോഴും കുഞ്ഞുമോന് ആ തീരുമാനത്തോട് യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം എന്ന നിലയ്ക്ക് അംഗീകരിക്കുകയായിരുന്നു.

മുന്നണി മാറി വന്നശേഷം തന്നോട് പൂര്‍ണ്ണമായ അവഗണനയാണ് കാട്ടുന്നതെന്ന പരാതി അദ്ദേഹത്തിനും ഒപ്പം നില്‍ക്കുന്നുവര്‍ക്കുമുണ്ട്. മാത്രമല്ല, ഇപ്പോള്‍ ഷിബു ബേബിജോണിന്റെ അപ്രമാദിത്വംമാത്രമാണ് മുന്നണിയില്‍ നടക്കുന്നതെന്ന പരാതിയുമുണ്ട്. നേരത്തെ പാര്‍ട്ടി കമ്മിറ്റികളില്‍ വേണ്ട പ്രാമുഖ്യം കിട്ടിയില്ലെന്ന് കാട്ടി കുഞ്ഞുമോന്‍ കലാപം ഉയര്‍ത്തിയിരുന്നു. ഇതിനൊക്കെ പുറമെ കുഞ്ഞുമോന്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന കുന്നത്തൂര്‍ സീറ്റില്‍ സി.പി.എമ്മിന്റെ സഹായമില്ലെങ്കില്‍ വിജയം അസാദ്ധ്യമാണ്.
ആ സാഹചര്യത്തില്‍ യു.ഡി.എഫിനോടൊപ്പം നിന്നിട്ട് അദ്ദേഹത്തിന് വലിയ നേട്ടമൊന്നുമില്ലതാനും. അതുകൊണ്ട് അടുത്ത നിയമസഭാതെരഞ്ഞെടുപ്പോടെ ഇടതുമുന്നണിയില്‍ എത്തപ്പെടാനാണ് കുഞ്ഞുമോന്റെ നീക്കം.

ആര്‍.എസ്.പിതന്നെ ഇതിന് മുമ്പ് മുന്നണി മാറുന്നതിനുള്ള രാഷ്ട്രീയതീരുമാനം കൈക്കൊള്ളാനാണ് സാധ്യത. ഇല്ലെങ്കില്‍ കുഞ്ഞുമോനും അദ്ദേഹത്തോടൊപ്പമുള്ളവരും ഇടതുമുന്നണിയിലെത്തും.

ഇതിന് തടയിടാനുള്ള ഒരു വഴിയെന്ന നിലയിലാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് പാര്‍ട്ടി നിലപാട് ശക്തമാക്കിയത്. നേരത്തെ ഒരു എം.എല്‍.എമാത്രം മുന്നണിയിലുണ്ടായിരുന്നപ്പോള്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ മാത്രമാണ് ഇപ്പോഴും പാര്‍ട്ടിക്കുള്ളത്. നിലവില്‍ ആര്‍.എസ്.പിയാണ് സര്‍ക്കാരിനെ നിലനിര്‍ത്തുന്നത്. ആ സാഹചര്യത്തില്‍ കൂടുതല്‍ സ്ഥാനം വേണമെന്നാണ് നിലപാട്. അതുകൊണ്ട് ഡെപ്യൂട്ടി സ്പീക്കറില്‍ വിട്ടുവീഴ്ചയില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം അരുവിക്കര സീറ്റില്‍ ശക്തമായ അവകാശവാദം ഉന്നയിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്.

കഴിഞ്ഞ രണ്ടരപതിറ്റാണ്ടിലേറെയായി ഇടതുമുന്നണിയിലായിരുന്ന ആര്‍.എസ്.പി മത്സരിച്ചിരുന്ന മണ്ഡലമാണ് അരുവിക്കരയും അതിന്റെ പഴയ രൂപമായിരുന്ന ആര്യനാടും. പാര്‍ട്ടിയുടെ അഖിലേന്ത്യാജനറല്‍ സെക്രട്ടറിമാരാണ് ഇവിടെ നിന്ന് ജനവിധിതേടിയിരുന്നത്. അത്തരത്തിലുള്ള ഒരു സീറ്റ് അടിയറവ് വച്ചുകൊടുക്കുന്നത് ശരിയല്ലെന്നാണ് പാര്‍ട്ടിക്കുള്ളിലെ നിലപാട്.

സീറ്റിന്റെ കാര്യത്തില്‍ യു.ഡി.എഫില്‍ തീരുമാനമുണ്ടായപ്പോള്‍ ഒന്നു പ്രതികരിക്കാന്‍ പോലും കഴിയാതെ നേതൃത്വം കോണ്‍ഗ്രസിന്റെ അടിമകളായി മാറിയെന്ന് പാര്‍ട്ടിയില്‍ വിലയിരുത്തലുണ്ട്. ഒരു ലോക്‌സഭാസീറ്റിന്റെ പേരില്‍ ഇടതുമുന്നണിയുമായുള്ള ബാന്ധവം അവസാനിപ്പിച്ചപ്പോള്‍ നിലവില്‍ മത്സരിച്ചിരുന്ന ഒരു നിയമസഭാസീറ്റു കൂടി നഷ്ടമായെന്ന് പാര്‍ട്ടിയിലെ ഇടതുപക്ഷാനുകൂലികള്‍ക്ക് വിമര്‍ശനമുണ്ട്. മാത്രമല്ല, പാര്‍ട്ടിയെ തൊഴുത്തുമാറ്റിക്കെട്ടിയതുകൊണ്ട് നേതാക്കള്‍ എന്ത് നേട്ടമാണ് പ്രസ്ഥാനത്തിനുണ്ടാക്കിയതെന്നും അവര്‍ ചോദിക്കുന്നു.

സ്ഥാനംമോഹിച്ച് നേതൃത്വം കൈക്കൊണ്ട തീരുമാനത്തിലൂടെ നിലവില്‍ പാര്‍ട്ടിയുടെ വളര്‍ച്ചപോലും മുരടിച്ച അവസ്ഥയിലാണ്. യു.ഡി.എഫിനെതിരെ നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടും അതിലൊന്നും പ്രതികരിക്കാന്‍ പോലും കഴിയാതെ നിര്‍ജ്ജീവമായ അവസ്ഥയിലാണ് പാര്‍ട്ടി. പാര്‍ട്ടിക്ക് ശക്തമായി വളരാനുള്ള അവസരങ്ങളാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. ഇതിന് നേതൃത്വംമറുപടി പറയണമെന്ന് അണികളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്.

എന്തായാലും ഓഗസ്റ്റിലെ സമ്മേളനങ്ങള്‍ക്ക്‌ശേഷം ആര്‍.എസ്.പി മറ്റൊരുരാഷ്ട്രീയ നിലപാടിലേക്ക് പോകും. അതിലേക്ക് നേതൃത്വത്തിനെ നയിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്. ഇത് ഒഴിവാക്കാനെങ്കിലൂം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനുള്ള നിലപാട് കടുപ്പിക്കും.

രാജ്യസഭാതെരഞ്ഞെടുപ്പിന് മുമ്പ് നിലപാട് സ്വീകരിക്കണമെന്നായിരിക്കും ആവശ്യം. രാജ്യസഭാതെരഞ്ഞെടുപ്പില്‍ നിലവില്‍ ആര്‍.എസ്.പിയുടെ പിന്തുണകൂടി ലഭിച്ചില്ലെങ്കില്‍ യു.ഡി.എഫ് പരാജയപ്പെടും. അതുകൊണ്ട് സമ്മര്‍ദ്ദം ശക്തമാക്കി കാര്യം നേടാനുള്ള രാഷ്ട്രീയതന്ത്രത്തിനാണ് അവര്‍ കോപ്പുകൂട്ടുന്നത്.