വിമർശിച്ച് ആർഎസ്എസും: ബിജെപിയിൽ കടുത്ത സമ്മർദം

ന്യൂഡെൽഹി: യുഡിഎഫും എൽഡിഎഫും പ്രചരണ ചൂടിലേക്ക് കടന്നിട്ടും സീറ്റിനായുള്ള തമ്മിലടി തുടരുന്ന ബിജെപി നേതൃത്വത്തിനെതിരെ ആർഎസ്എസ്. ശബരിമല വിഷയം ഉൾപ്പെടെ അനുകൂല സാഹചര്യങ്ങൾ ഏറെയുണ്ടായിട്ടും നേതാക്കളുടെ തമ്മിലടി സംസ്ഥാനത്ത് വൻ തിരിച്ചടി നൽകുമെന്ന സൂചനകളാണ് ബിജെപിയിൽ പുറത്തു വരുന്നത്.

പത്തനംതിട്ട, തൃശ്ശൂർ സീറ്റുകളെ തർക്കം തുടരുന്ന സാഹചര്യത്തിൽ ബിജെപിയിൽ സീറ്റ് ചർച്ചകൾ അടുത്തൊന്നും തീരാൻ സാധ്യതയില്ല. താത്പര്യമുള്ള സീറ്റുകൾ കിട്ടിയില്ലെങ്കിൽ മത്സരിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പി എസ് ശ്രീധരൻ പിള്ളയും കെ സുരേന്ദ്രനുമടക്കമുള്ള നേതാക്കൾ. തമ്മിലടി തീരാത്തതിൽ ആർഎസ്എസ്സിന് കടുത്ത അതൃപ്തിയാണുള്ളത്.

Loading...

നിലവിലെ സ്ഥിതി തുടർന്നാൽ ബിജെപി വോട്ടുകൾ പോലും പെട്ടിയിൽ വീഴില്ലെന്നും ആർഎസ്എസ് ചൂണ്ടിക്കാട്ടുന്നു. സ്ഥിതി ഇങ്ങനെ തുടരുന്നതിൽ ആർഎസ്എസ് കേന്ദ്രങ്ങളിൽ ശക്തമായ വിമർശനം ഉയർന്നു തുടങ്ങിയിട്ടുണ്ട്.

പത്തനംതിട്ടയിലാണ് എല്ലാവരുടെയും കണ്ണ്. ആദ്യം പത്തനംതിട്ടയ്ക്ക് അവകാശവാദമുന്നയിച്ചത് സംസ്ഥാനപ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയാണ്. എന്നാൽ നേരത്തേ കെ സുരേന്ദ്രന് പത്തനംതിട്ട വേണമെന്ന് നിർബന്ധമായിരുന്നു. കഴിഞ്ഞ തവണ പത്തനംതിട്ടയിൽ മത്സരിച്ച് ഒരു ലക്ഷത്തിലധികം വോട്ട് നേടിയ എം ടി രമേശ് ആദ്യം മുതലേ പത്തനംതിട്ടയ്ക്ക് അവകാശവാദമുന്നയിച്ച് രംഗത്തുണ്ട്. ഇതെല്ലാം കഴിഞ്ഞപ്പോഴാണ് തന്‍റെ കർമമണ്ഡലം പത്തനംതിട്ടയാണെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം രംഗത്ത് വരുന്നത്. പത്തനംതിട്ട കിട്ടിയില്ലെങ്കിൽ മത്സരിക്കാനേയില്ലെന്നാണ് കണ്ണന്താനത്തിന്‍റെ നിലപാട്. ഇതോടെ നാല് പേരാണ് പത്തനംതിട്ട മണ്ഡലത്തിന് വേണ്ടി മാത്രം തമ്മിലടിക്കുന്നത്.