സിപിഐ(എം) പ്രവര്‍ത്തകനെ ആര്‍എസ്എസ് കാര്‍ വെട്ടിക്കൊന്നു; ആലത്തൂരില്‍ ഇന്ന് ഹര്‍ത്താല്‍

വടക്കഞ്ചേരി: കണ്ണമ്പ്രയില്‍ ആര്‍എസ്എസുകാര്‍ സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ആലത്തൂര്‍ താലൂക്കില്‍ സി.പി.എം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാരപ്പൊറ്റ പരേതനായ രാമന്‍കുട്ടിയുടെ മകന്‍ വിജയ(43)നാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് നടന്ന ആക്രമണത്തില്‍ ഗുരുതരമായി വെട്ടേറ്റ വിജയനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നോടെ മരിച്ചു.വീടിന് സമീപത്തെ മരണവീട്ടിലേക്ക് വൈകീട്ട് നടന്നുപോകുന്നതിനിടെ പരിസരത്തെ വീട്ടില്‍ പതിയിരുന്ന ആര്‍എസ്എസ്സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

അക്രമികളെ കണ്ട വിജയന്‍ മറ്റൊരു വീട്ടിലേക്ക് ഓടിക്കയറി. ആ വീടിന്റെ കോലായിലിട്ടാണ് അക്രമികള്‍ തലങ്ങും വിലങ്ങും വെട്ടിയത്. സിപിഐ എം കാരപ്പൊറ്റ ബ്രാഞ്ചംഗവും ഓട്ടോ ടാക്സി യൂണിയന്‍ (സിഐടിയു) യൂണിറ്റ് അംഗവുമാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐ എം ആലത്തൂര്‍ താലൂക്കില്‍ തിങ്കളാഴ്ച ഹര്‍ത്താലാചരിക്കും. ലക്ഷ്മിയാണ് വിജയന്റെ അമ്മ. ഭാര്യ: വിമല, മക്കള്‍: അശ്വതി, ആതിര. മോഹന്‍ദാസ്, ഉണ്ണികൃഷ്ണന്‍, സന്തോഷ് എന്നിവര്‍ സഹോദരങ്ങളാണ്.

Loading...