പ്രവാസികള്‍ക്ക് സന്തോഷിക്കാം: രൂപയ്ക്ക് മൂല്യത്തകര്‍ച്ച

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് സന്തോഷിക്കാനൊരു തകര്‍ച്ചയുടെ വാര്‍ത്ത. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞു. ഇന്നു തുടക്ക വ്യാപാരത്തിൽ തന്നെ രൂപയുടെ മൂല്യം കുത്തെനെ താഴോട്ടു പോകുകയായിരുന്നു. 20 മാസത്തിനിടെ ഏറ്റവും വലിയ ഇടിവ് നേരിട്ട രൂപ 64 പൈസ ഇടിഞ്ഞ് 64.28 എന്ന നിലയിലെത്തി. 2013 സെപ്തംബറിലാണ് ഇതിനു മുൻപ് രൂപയുടെ മൂല്യം ഇത്രയും തഴെ പോയത്.

ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരികൾ പെട്ടെന്ന് വിറ്റൊഴിക്കാൻ തുടങ്ങിയതോടെയാണ് രൂപയ്ക്ക് തിരിച്ചടിയായത്. മണി, ബോണ്ട് വിപണികളിലുമുള്ള നിക്ഷേപവും ഗണ്യമായി വിദേശ സ്ഥാപനങ്ങള്‍ പിന്‍വലിച്ചു. ഇതും രൂപയ്ക്ക് തിരിച്ചടിയായി. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞെങ്കിലും പ്രവാസികള്‍ ഇത് ആഘോഷത്തോടെയാണ് സ്വീകരിച്ചത്. തുടർച്ചയായി രൂപയുടെ മൂല്യം ഇടിയാൻ തുടങ്ങിയതോടെ പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണം കൂടിയിട്ടുണ്ട്.

Loading...

ചിലർ വിദേശ ബാങ്കുകളില്‍ നിന്നും പണം കടമെടുത്ത് വരെ നാട്ടിലേക്ക് പണമയക്കുന്നുണ്ട്. പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് കഴിഞ്ഞ മാസങ്ങളിൽ 75 ശതമാനത്തോളം വർധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം ഇടിഞ്ഞപ്പോൾ നേരത്തെയും പ്രവാസികൾ നാട്ടിലേക്ക് അയക്കാൻ പ്രത്യേക താൽപര്യം കാണിച്ചിരുന്നു.