ലോകത്തിലെ ആദ്യ കൊവിഡ് വാക്സിൻ വികസിപ്പിച്ചതായി റഷ്യ: തന്‍റെ മകൾക്ക് വാക്സിൻ നൽകിയെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിൻ

മോസ്കോ: ലോക ജനത ഉറ്റുനോക്കിയിരുന്ന വാർത്ത സത്യമാകുമോ എന്ന കാത്തിരിപ്പിലാണ് ജനം. ഇപ്പോൾ റഷ്യയിൽ നിന്നും പുറത്തുവരുന്ന വാർത്ത സന്തോഷം ജനിപ്പിക്കുന്ന ഒന്നാണ്. ലോകത്തിലെ ആദ്യ കൊവിഡ് വാക്സിൻ വികസിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടിരിക്കുന്നത്.

റഷ്യൻ പ്രസിഡൻറ് വ്ളാദിമർ പുടിനാണ് ഇക്കാര്യം അറിയിച്ചത്. തന്റെ മകൾക്ക് വാക്സിൻ നൽകിയതായും പുടിൻ വ്യക്തമാക്കി. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസ‌ർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് റഷ്യ ജനങ്ങൾക്ക് നൽകുവാനായി അനുമതി നൽകിയിരിക്കുന്നത്. ആവശ്യമായ സുരക്ഷ പരിശോധനകളും നിരീക്ഷണകളും പൂർത്തിയായ ശേഷമാണ് വാക്സിൻ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് പുടിൻ പറയുന്നത്. കൊവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായ കാൽവയ്പ്പാണ് ഇതെന്ന് പുടിൻ അഭിപ്രായപ്പെട്ടു.

Loading...

റഷ്യ വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം ജൂൺ 18നാണ് ആരംഭിച്ചത്. 38 വോളൻറയർമാരിലായിരുന്നു പരീക്ഷണം. പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ റഷ്യയുടെ വാക്സിൻ പരീക്ഷണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വേണ്ടത്ര പരീക്ഷണങ്ങളും ഗവേഷണവും ട്രയലുകളും നടത്താതെയാണ് റഷ്യ വാക്സിൻ പുറത്തിറക്കുന്നതെന്ന സംശയമാണ് ഉയർത്തപ്പെടുന്നത്. അതേസമയം വാക്‌സിൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കാമെന്നാണ് റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരിൽ ഒരാളായ അലക്‌സാണ്ടർ ഷെപ്യൂനോവ് പറയുന്നത്. ചില പ്രത്യേക ആന്റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വർപ്പിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.