റഷ്യന്‍ ഹാക്കര്‍മാര്‍  വൈറ്റ്​ഹൗസിലെ കംപ്യൂട്ടര്‍ നെറ്റ്​വര്‍ക്കില്‍ നു‍ഴഞ്ഞുകയറി. പ്രസിഡന്റ് ബരാക്​ ഒബാമയുടെ ഇ-മെയിലുകള്‍ പരിശോധിച്ചതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക്‌ ടൈംസ്​ ആണ്​ ഇക്കാര്യം പുറത്തുവിട്ടത്​.

ക‍ഴിഞ്ഞ ഒക്ടോബറിലാണ്​ റഷ്യന്‍ ഹാക്കര്‍മാര്‍ വൈറ്റ്​ഹൗസിലെ കംപ്യൂട്ടര്‍ നെറ്റ്​വര്‍ക്കില്‍ നു‍ഴഞ്ഞുകയറിയത്​. ഹാക്കര്‍മാര്‍ പ്രധാനപ്പെട്ട ഫയലുകളിലൊന്നും കൈകടത്തിയില്ലെന്നായിരുന്നു വൈറ്റ്​ഹൗസിന്റെ വിശദീകരണം. എന്നാല്‍ ഹാക്കിംഗ്​ അത്ര നിസാരമല്ലെന്നാണ്​ ന്യൂയോര്‍ക്ക്‌ ടൈംസ്​ പറയുന്നത്​. പ്രസിഡന്റ് ബരാക്​ ഒബാമയുടെ ഇ-മെയിലുകള്‍ നു‍ഴഞ്ഞുകയറ്റക്കാര്‍ പരിശോധിച്ചു. രഹസ്യസ്വഭാവമുള്ള ഇ-മെയിലുകള്‍ ആണോ ഇവയെന്നത്​ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നയതന്ത്രവിദഗ്ധരുമായുള്ള ഇടപെടലുകള്‍, പ്രസിഡന്റിന്റെ ഷെഡ്യൂള്‍, നിയനിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഹാക്ക്‌ ചെയ്ത നെറ്റ്​വര്‍ക്കില്‍ ഉള്‍പ്പെടുന്നു. ഇക്കാര്യം വൈറ്റ്​ഹൗസ്​ നേരത്തെ തന്നെ അറിഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.

Loading...

എന്നാല്‍ പ്രസിഡന്റിന്റെ ഇ-മെയില്‍ അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ നു‍ഴഞ്ഞുകയറി എന്നതിന്​ യാതൊരു തെളിവുമില്ലെന്ന വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. റഷ്യന്‍ ഹാക്കര്‍മാരുടെ നു‍ഴഞ്ഞുകയറ്റം കാര്യമാക്കേണ്ടതില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി.