റഷ്യൻ യുദ്ധക്കപ്പൽ തകർത്തെന്ന് യുക്രൈൻ, സ്ഥിരീകരിച്ച് റഷ്യ

മോസ്കോ: റഷ്യയ്ക്ക് വലിയ തിരിച്ചടി നൽകിക്കൊണ്ട് റഷ്യയുടെ അഭിമാനമായ യുദ്ധക്കപ്പൽ തകർത്ത് യുക്രൈൻ. കപ്പൽ തകർന്നെന്ന കാര്യം സ്ഥിരീകരിച്ച് റഷ്യയും രം​ഗത്ത് എത്തി. കരിങ്കടലിൽ വിന്യസിച്ചിരുന്ന കൂറ്റൻ റഷ്യൻ യുദ്ധക്കപ്പലിൽ പൊട്ടിത്തെറിയുണ്ടായി. മിസൈലുകൾ ഉപയോഗിച്ച് റഷ്യൻ കപ്പൽ ആക്രമിക്കുകയായിരുന്നുവെന്ന് യുക്രൈൻ അവകാശപ്പെടുകയാണ്. കപ്പലിൽ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്.

കപ്പലിൽ പൊടുന്നനെ തീപിടുത്തം ഉണ്ടായെന്നും ആയുധശേഖരത്തിലേക്ക് പടർന്നുവെന്നും റഷ്യൻ പ്രതിരോധ വക്താവ് സ്ഥിരീകരിച്ചു. കപ്പലിൽ ഉണ്ടായിരുന്ന സൈനികർ അടക്കം 510 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി റഷ്യ പറയുന്നു. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാൻ റഷ്യ തയാറായില്ല. അന്വേഷണം തുടങ്ങിയെന്നാണ് വിശദീകരണം. 611 അടി നീളമുള്ള, മിസൈലുകളും പോർവിമാനങ്ങളും വഹിക്കുന്ന സോവിയറ്റ്‌ കാലത്തിന്റെ അഭിമാന ചിഹ്നം കൂടിയായിരുന്ന മോസ്‌ക്വ എന്ന കപ്പലാണ് തകർന്നത്. 1980 ൽ കമ്യുണിസ്റ്റ് സോവിയറ്റ് യൂണിയനിൽ നിർമിച്ച യുദ്ധക്കപ്പലിൽ പി തൗസൻഡ് കപ്പൽവേധ മിസൈലുകൾ ആണ് പ്രധാന ആയുധശേഖരം.

Loading...