കളക്ടര്‍ക്ക് ബുദ്ധിയും ബോധവുമില്ല ,അനധികൃത നിര്‍മ്മാണം തടയാന്‍ ശ്രമിച്ച വനിതാ സബ് കളക്ടറെ ആക്ഷേപിച്ച് എം.എല്‍.എ

ഇടുക്കി : ഇടുക്കിയില്‍ റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ കെട്ടിടം നിര്‍മ്മിക്കുന്നത് തടയാന്‍ ശ്രമിച്ച കളക്ടറെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സി.പി.ഐ എം.എല്‍.എ എസ്.രാജേന്ദ്രന്‍ രംഗത്ത്. കളക്ടര്‍ക്ക് ബുദ്ധിയും ബോധവുമില്ലെന്നും ഒരു ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ് അവള്‍ ഇതെല്ലാം വായിച്ച് പഠിക്കണമെന്നും എസ്.രാജേന്ദ്രന്‍ പറഞ്ഞു. പഞ്ചായത്ത് നിര്‍മ്മിക്കുന്ന കെട്ടിടമാണ് അനധികൃതമായി നിര്‍മ്മിക്കപ്പെടുന്നത്. പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് നിര്‍മ്മാണം നടത്തുന്നതിന്റെ ഉത്തരവാദിത്വം പഞ്ചായത്തിനാണെന്നും ബോധമില്ലാത്ത കളക്ടര്‍ കാര്യങ്ങള്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപത്ത് പഞ്ചായത്ത് നിര്‍മ്മിക്കുന്ന കെട്ടിടം അനധികൃതമായ നിര്‍മ്മിക്കപ്പെടുന്നതാണെന്ന് സബ് കളക്ടര്‍ രേണുരാജ് കണ്ടെത്തിയിരുന്നു. കെട്ടിട നിര്‍മ്മാണത്തിന് എന്‍.ഒ.സി ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ റവന്യു വകുപ്പ് സ്റ്റോപ്പ് മെമൊ നല്‍കിയിരുന്നു. കെ.ഡി.എച്ച് കമ്പനി പഞ്ചായത്തിന് വിട്ടു നല്‍കിയ സ്ഥലത്താണ് ഒരു കോടിയോളം രുപ മുതല്‍ മുടക്കി പഞ്ചായത്ത് വനിതാ വ്യവസായ കേന്ദ്രം പണി കഴിപ്പിക്കുന്നത്.

Loading...

മുതിരപുഴയാറിന്റെ തീരം കയ്യേറിയാണ് പ്രവര്‍ത്തനം നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകരടക്കം രംഗത്ത് വന്നിരുന്നു. എന്നാല്‍ സ്റ്റോപ്പ് മെമൊ നല്‍കിയതിന് ശേഷവും നിര്‍മ്മാണം തുടര്‍ന്നുകൊണ്ടിരുന്നു. നിര്‍മ്മാണം നിര്‍ത്തി വെക്കാന്‍ റവന്യു വകുപ്പുദ്യോഗസ്ഥര്‍ നേരിട്ടെത്തി ആവശ്യപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് എം.എല്‍.എ എസ്.രാജേന്ദ്രനും മറ്റ് ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്ത് വന്നത്. പ്രതിഷേധം വന്നതോടെ നിര്‍മ്മാണം തടയാന്‍ കഴിയാതെ റവന്യു ഉദ്യോഗസ്ഥരും മടങ്ങി.