ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തരുത്; ദേവസ്വം ബോര്‍ഡ്

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തരുതെന്ന അഭ്യര്‍ത്ഥനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരും ആരോഗ്യവകുപ്പും നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഈ അഭ്യര്‍ത്ഥനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു.

മാസപൂജയ്ക്കായി ഈ മാസം 13നാണ് ശബരിമല നട തുറക്കുന്നത്. അയ്യപ്പ ദര്‍ശനത്തിന് സംസ്ഥാനത്ത് നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നും നിരവധി ഭക്തന്മാര്‍ ശബരിമലയില്‍ എത്തുന്നതാണ് പതിവ്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഭക്തജനങ്ങള്‍ മാസപൂജയ്ക്കായി ശബരിമലയില്‍ എത്തരുതെന്ന് കെ വാസു അഭ്യര്‍ത്ഥിച്ചു. ഈ അഭ്യര്‍ത്ഥന ചെവിക്കൊളളണം. ശബരിമല ദര്‍ശനം മറ്റൊരു അവസരത്തിലേയ്ക്ക് മാറ്റിവെയ്ക്കണമെന്നും എന്‍ വാസു അഭ്യര്‍ത്ഥിച്ചു. അതേസമയം ആചാരപരമായ ചടങ്ങുകള്‍ എല്ലാം മുറ തെറ്റിയ്ക്കാതെ അതേപോലെ തന്നെ നടയ്ക്കും. അതുപോലെ തന്നെ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള മറ്റു ക്ഷേത്രങ്ങളിലും ആഘോഷപരിപാടികള്‍ നിര്‍ത്തിവെയ്ക്കും. ആചാരപരമായ ചടങ്ങുകള്‍ മാത്രമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Loading...

കൊറോണ വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കുന്നവര്‍ വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നതും ഐസൊലേഷന് തയ്യാറാകാത്തതും നിയമപരമായി ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്നും ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . സംസ്ഥാനത്തെ സ്‌കൂളുകളും മദ്രസകള്‍ ഉള്‍പ്പടെയുള്ള പഠനകേന്ദ്രങ്ങളും മാര്‍ച്ച്‌ മാസത്തില്‍ പൂര്‍ണമായി അടച്ചിടുമെന്നും പാഠ്യ-പാഠ്യേതര പ്രവര്‍ത്തികള്‍ ഒന്നും നടത്തരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിക്കുന്നു. സിബിഎസ്സി, ഐസിഎസ്സി സംസ്ഥാന-കേന്ദ്ര ബോര്‍ഡ് സ്‌കൂളുകള്‍ക്കെല്ലാം നിര്‍ദേശം ബാധകമാണ്.

ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല. എന്നാല്‍ എട്ട്, ഒമ്ബത് ക്ലാസുകളിലെ പരീക്ഷയും എസ്‌എസ്‌എല്‍സി പ്ലസ്ടു പരീക്ഷകളും മാറ്റി വെയ്ക്കില്ലെന്നും സ്‌കൂളുകളില്‍ പരീക്ഷകള്‍ മാത്രം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവധി ക്ലാസുകളോ ട്യൂഷന്‍ ക്ലാസുകളോ പാടില്ല.

വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമായതിനാല്‍ കൈകള്‍ ശുചിയാക്കുന്ന സാനിറ്റൈസറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
കൊറോണ പടരുന്നത് തടയാനായി ആള്‍ക്കൂട്ടത്തെ പരമാവധി നിയന്ത്രിക്കണമെന്നും ആള്‍ക്കൂട്ടങ്ങളെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഉത്സവങ്ങളുടേയും പള്ളിപെരുന്നാളുകള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളിലെ ആഘോഷങ്ങളുടേയും സമയമായതിനാല്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതുകൊണ്ടുതന്നെ ആളുകളെ പരമാവധി ഒഴിവാക്കി ഇത്തരം ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമാക്കി നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിവാഹങ്ങളും മാറ്റിവെയ്ക്കേണ്ടതില്ല, എന്നാല്‍ വലിയ തോതില്‍ ആളുകളെ ഉള്‍ക്കൊള്ളിച്ച്‌ ആഘോഷമാക്കരുതെന്നും ചടങ്ങായി നടത്തണമെന്നും അറിയിച്ചിട്ടുണ്ട്. ശബരിമല പോലെ ധാരാളം ആളുകള്‍ എത്തുന്ന സ്ഥലങ്ങളിലും പൂജകള്‍ മാത്രം മതിയെന്നും ദര്‍ശനം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിക്കുന്നു.