തെരഞ്ഞെടുപ്പ് ചൂടടിച്ചതോടെ ശബരിമലയില്‍ മലക്കം മറിച്ചില്‍… യുവതികളെ മലയിലെത്തിക്കാന്‍ നീക്കവുമായി ബി.ജെ.പി, വനിതാപോലീസുകാരെ പോലും പിന്‍വലിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ചൂടടിച്ചതോടെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആകെ മലക്കം മറിച്ചില്‍. ഏറ്റുമുട്ടിയവര്‍ തെരഞ്ഞെടുപ്പായതോടെ പരസ്പരം കളംമാറ്റിച്ചവിട്ടുന്നു.

യുവതികളെ മലയിലെത്തിക്കാന്‍ നീക്കവുമായി ബി.ജെ.പി… വനിതാപോലീസുകാരെ പോലും പിന്‍വലിച്ച് സര്‍ക്കാര്‍ ഇപ്പോള്‍ ഇതാണ് അവസ്ഥ.

Loading...

തെരഞ്ഞെടുപ്പ് പ്രചാരണകാലത്തു ശബരിമലയില്‍ യുവതി കയറിയാലുണ്ടാകാവുന്ന നേട്ടത്തിലാണു ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും കണ്ണ്. ഈ അപകടം തിരിച്ചറിഞ്ഞ്, നിലയ്ക്കലില്‍ ഉള്‍പ്പെടെ കര്‍ശന പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണു സര്‍ക്കാര്‍.

തെരഞ്ഞെടുപ്പുവരെ ശബരിമല വിഷയം കത്തിച്ചുനിര്‍ത്താന്‍ ബി.ജെ.പിയും ഒരു തീപ്പൊരിപോലും വീഴാതിരിക്കാന്‍ ഇടതുപക്ഷവും കൊണ്ടുപിടിച്ച പരിശ്രമത്തിലാണ്.

ശബരിമല ഉത്സവകാലമായിട്ടും യുവതികളെ തടയാന്‍ പഴയപോലെ സംഘപരിവാര്‍ പ്രവര്‍ത്തകരാരും ഉത്സാഹം കാട്ടുന്നില്ല. സര്‍ക്കാരാകട്ടെ നിലയ്ക്കലും പമ്പയിലും വനിതാ പോലീസിനെപ്പോലും പിന്‍വലിച്ചിരിക്കുകയാണ്.

നവോത്ഥാന ആശയങ്ങള്‍ക്കു തല്‍ക്കാലം സര്‍ക്കാരും അവധി കൊടുത്തിരിക്കുകയാണ്. വനിതാമതില്‍, സ്ത്രീശാക്തീകരണം, നവോത്ഥാനം, യുവതീപ്രവേശം തുടങ്ങിയ വാക്കുകള്‍ പ്രചാരണവേദികളിലോ സാമൂഹികമാധ്യമങ്ങളിലോ മിണ്ടരുതെന്നാണ് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം.

വിരലിലെണ്ണാവുന്ന വനിതാ പോലീസുകാരുടെ ഡ്യൂട്ടിയാകട്ടെ, വാഹനങ്ങള്‍ പരിശോധിച്ച് യുവതികളെ കണ്ടെത്തി പിന്തിരിപ്പിക്കുക മാത്രം. പ്രശ്‌നമുണ്ടാകാതിരിക്കാന്‍, സംഘപരിവാര്‍ പ്രവര്‍ത്തകരെപ്പോലും നിലയ്ക്കലിലോ പമ്പയിലോ തടയുന്നില്ല.

യുവതീതീര്‍ഥാടകരെ കണ്ടെത്താന്‍ ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നു.

മണ്ഡല-മകരവിളക്ക് കാലത്തു നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി. മുന്‍നിരനേതാക്കളാരും ഇപ്പോള്‍ ശബരിമലയിലേക്കു തിരിഞ്ഞുനോക്കുന്നില്ല.