ശബരിമല, 11 ദിവസത്തെ വരുമാനം 31 കോടി

ശബരിമല തീര്‍ഥാടനം തുടങ്ങി 11 ദിവസം പിന്നിടുമ്ബോള്‍ വരുമാനം 31 കോടി രൂപ. 2017 ലെ വരുമാനത്തിലേക്ക് എത്തിയില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയില്‍ കൂടുതലാണിത്. പ്രശ്നരഹിതമായി സന്നിധാനം മാറിയതോടെ ഭക്തരുടെ നീണ്ട നിരയുണ്ട്. അരവണയില്‍ പല്ലിയെന്ന് പ്രചാരണം നടത്തിവര്‍ക്കെതിരെ നിയമനടപടിക്ക് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു

സങ്കീര്‍ണതകളുടെ ആശങ്ക ഒഴിയുന്നത് സന്നിധാനത്ത് പ്രകടമാണ്. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് കൂടുതല്‍ ഭക്തന്‍മാര്‍ ദര്‍ശനത്തിനായി എത്തിതുടങ്ങി . കുഞ്ഞ് അയ്യപ്പമാരുടെയും മാളികപുറങ്ങളുടെയും സാന്നിധ്യം ഇരട്ടിയായി. സന്നിധാനത്ത് ഒരു തരത്തിലുളള നിയന്ത്രങ്ങളും ഇല്ലാതായതോടെ അയ്യപ്പ ദര്‍ശനം കഴിഞ്ഞ് വിശ്രമിച്ചാണ് ഭക്തര്‍ മലയിറങ്ങുന്നത്. ഭക്തരുടെ വരവ് വരുമാനത്തിലും പ്രകടമായി. ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളിലും ദര്‍ശന സജ്ജീകരണങ്ങളിലും ഭക്തകര്‍ പൂര്‍ണ തൃപ്തരാണ്.

Loading...

പൊലീസിന്റെ വെര്‍ച്വല്‍ ക്യു പാസുള്ളവരെ മാത്രമാണു മരക്കൂട്ടത്തു നിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി കടത്തി വിടുന്നത്. നെയ്യഭിഷേകത്തിനു ബുദ്ധിമുട്ടില്ല. തിരക്കുളളപ്പോള്‍ അഭിഷേകത്തിനു കാത്തുനില്‍ക്കാതെ തീര്‍ഥാടകര്‍ നെയ്‌ത്തേങ്ങ തോണിയില്‍ പൊട്ടിച്ച്‌ ഒഴിച്ച്‌ മലയിറങ്ങുകയാണ്. കഴിഞ്ഞ തീര്‍ഥാടന കാലത്ത് ബാരിക്കേഡ് ഉപയോഗിച്ച്‌ മറച്ചിരുന്ന വലിയനടപ്പന്തലിലും ഭക്തര്‍ക്ക് വിശ്രമിക്കാം. സന്നിധാനത്ത് എത്തിയാല്‍ ഇത്ര സമയത്തിനുള്ളില്‍ മലയിറങ്ങണമെന്ന നിബന്ധനയുമില്ല. വാഹനങ്ങള്‍ പമ്ബയിലേക്ക് കടത്തിവിട്ടു തുടങ്ങിയതോടെ അപ്പം അരവണ വില്പനയും കൂടി. രണ്ടു ലക്ഷം ടിന്‍ അരവണയാണ് ഇന്നലെ വിറ്റത്.

ശബരിമലയില്‍ അപ്പം, അരവണ നിര്‍മ്മാണത്തിനുള്ള ശര്‍ക്കരയ്ക്ക് ക്ഷാമം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് ശര്‍ക്കര ലോറികള്‍ എത്താന്‍ വൈകിയതാണ് ശര്‍ക്കര ക്ഷാമത്തിന് ഇടയാക്കിയത്. 40 ലക്ഷം കിലോ ശര്‍ക്കരയാണ് സന്നിധാനത്ത് ഒരു വര്‍ഷം അപ്പം, അരവണ നിര്‍മ്മാണത്തിന് ആവശ്യമുള്ളത്. നിലവില്‍ പത്ത് ലക്ഷത്തിലധികം കിലോയുടെ കുറവുണ്ട്. പ്രളയത്തെ തുടര്‍ന്ന് ശര്‍ക്കര വിപണിയില്‍ എത്തുന്നില്ലെന്നാണ് കരാറുകാരന്റെ വാദം.

അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ നടപടി തുടങ്ങിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. സ്റ്റോക്കുള്ള മറ്റൊരു കമ്പനിക്ക് ഓഡര്‍ നല്‍കിയെന്നും പ്രതിസന്ധി ഉണ്ടാകാതെ കാര്യങ്ങള്‍ പരിഹരിക്കുമെന്നും ദേവസ്വം എക്‌സിക്യൂട്ടിവ് ഒഫീസര്‍
വിഎസ് രാജേന്ദ്ര പ്രസാദ് അറിയിച്ചു. നേരത്തെ ചുമട്ടുകൂലി തര്‍ക്കത്തെ തുടര്‍ന്ന് പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ശര്‍ക്കര നീക്കം തടസ്സപ്പെട്ടതും പ്രതിസന്ധി രൂക്ഷമാക്കി. ട്രാക്ടറുകള്‍ക്ക് പകല്‍ സമയം 12 മുതല്‍ 3 വരെ മാത്രമേ ലോഡുമായി പോകാന്‍ അനുമതി ഉള്ളൂ എന്നതും ശര്‍ക്കര നീക്കത്തെ ബാധിക്കുന്നുണ്ട്.

നവംബര്‍ 10 നു മുമ്പായി 10 ലക്ഷം കിലോ ശര്‍ക്കര നല്‍കണമെന്ന് ആവശ്യപ്പെട്ട് 2019 സെപ്റ്റംബര്‍ അഞ്ചിനു ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ വര്‍ധാന്‍ ആഗ്രോ പ്രോസസിംഗ് ലിമിറ്റഡിനു കത്തു നല്‍കി. ഇതു ലഭിക്കാത്തതിനാല്‍ നവംബര്‍ 15നു മുമ്പായി ശര്‍ക്കര 2019 നവംബര്‍ എട്ടിനു വീണ്ടും കത്തു നല്‍കി. എന്നാല്‍ ഇതുവരേയും ശര്‍ക്കര വിതരണം ആരംഭിക്കാന്‍ സ്ഥാപനം തയാറായില്ല. കഴിഞ്ഞ വര്‍ഷം ശര്‍ക്കര കരാര്‍ ഏറ്റെടുത്ത എസ്.പി ഷുഗര്‍ അഗ്രോ ലിമിറ്റഡ് 12 ലക്ഷം കിലോ നല്‍കാനുണ്ടായിരുന്നു. ഇതു നല്‍കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇതിലും നടപടിയുണ്ടായില്ല. ഉത്തരേന്ത്യയിലുണ്ടായ കനത്ത മഴ കാരണം കരാറെടുത്ത സ്ഥാപനത്തിന്റെ ഫാക്ടറികളില്‍ ഉല്‍പ്പാദനം തുടങ്ങിയതു പോലുമില്ല. ഈ വര്‍ഷം ശര്‍ക്കര കരാര്‍ ഒരു സ്ഥാപനത്തിനു മാത്രമാണ് നല്‍കിയിട്ടുള്ളത്. ശര്‍ക്കര വിതരണം ചെയ്യാതെ വീഴ്ച വരുത്തിയതിലൂടെ പ്രസാദ നിര്‍മ്മാണത്തില്‍ വന്‍പ്രതിസന്ധിയുണ്ടാകുമെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ ദേവസ്വം കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.