ശബരിമലയില്‍ അബ്രാഹ്മണന്‍ തന്ത്രിയാകുന്നു…;വിവാദങ്ങള്‍ക്കിടെ കണ്ഠരര് രാജീവരെ മാറ്റാന്‍ സാധ്യത തേടി ദേവസ്വം ബോര്‍ഡ്; പുതിയ 19 പേരുടെ പട്ടികയിലെ 16 പേരും അബ്രാഹ്മണര്‍

സന്നിധാനം : ശബരിമലയില്‍ കണ്ഠരര് രാജീവരര്‍ക്ക് പകരം പുതിയ തന്ത്രിയെ നിയമിക്കാനുള്ള സാധ്യതകള്‍ തേടി ദേവസ്വം ബോര്‍ഡ്. ഇതിനായി 19 പേരുടെ പട്ടിക ബോര്‍ഡ് വിജിലന്‍സ് വിങ് തയ്യാറാക്കിയതായാണ് സൂചന. എന്നാല്‍, ഇവരില്‍ 16 പേരും അബ്രാഹ്മണരാണെന്നും ‘ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കണ്ഠരര് രാജീവര്‍ക്ക് പകരം തന്ത്രിയാകാന്‍ തന്ത്രിസമാജത്തില്‍ നിന്നും ആരും തയ്യാറായിട്ടില്ലെന്നാണ് സൂചനകള്‍. യുവതീപ്രവേശനത്തെ തുടര്‍ന്ന് നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ കണ്ഠരര് രാജീവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് തന്ത്രിസമാജത്തിന്റെ തീരുമാനം. രാജീവരരെ മാറ്റി മറ്റാരെയെങ്കിലും തന്ത്രിസ്ഥാനം ഏല്‍പ്പിച്ചാല്‍ ആ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തന്ത്രിസമാജത്തിന്റെ തീരുമാനം.

ക്ഷേത്രത്തിലെ പൂജയുടെയും ആചാരങ്ങളുടെയും കാര്യത്തില്‍ തന്ത്രിക്ക് അന്തിമതീരുമാനം എടുക്കാനുള്ള സര്‍വസ്വതന്ത്ര്യവുമുണ്ടെന്ന്, ഷിരൂര്‍ മഠ് കേസില്‍ സുപ്രിംകോടതി 1954 ല്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ ചുമതല ക്ഷേത്രഭരണം മാത്രമാണ്. ഒരു തന്ത്രിയെ മാറ്റാനോ, മറ്റൊരു തന്ത്രിയെ നിയമിക്കാനോ ബോര്‍ഡിന് അവകാശമില്ല. താന്ത്രികസ്ഥാനം പരമ്പരയായി കൈമാറിക്കിട്ടുന്നതാണ്. രാജീവരെ മാറ്റാനുള്ള ഏത് നീക്കത്തിനെതിരെയും സുപ്രിംകോടതിയെ സമീപിക്കുമെന്നും തന്ത്രിസമാജം ജനറല്‍ സെക്രട്ടറി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. എന്നാല്‍ തന്ത്രിയെ നീക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരം ഉണ്ടെന്ന ഉറച്ച നിലപാടിലാണ് ബോര്‍ഡ് അംഗം കെ പി ശങ്കരദാസ്. മുമ്പ് ആരോപണം ഉണ്ടായപ്പോള്‍ തന്ത്രി കണ്ഠര് മോഹനരെ ബോര്‍ഡ് മാറ്റിയിരുന്നു. താഴമണ്‍ കുടുംബം അത് അംഗീകരിച്ചിരുന്നു. എന്നാല്‍ കണ്ഠര് രാജീവരെ മാറ്റാന്‍ ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും കെപി ശങ്കരദാസ് പറഞ്ഞു.

Top